തിരുവനന്തപുരം: ബാര്‍ അഴിമതിയില്‍ ധനമന്ത്രി കെ.എം മാണിക്ക് നേരത്തെ രാജിവയ്ക്കാമായിരുന്നുവെന്ന് വിവാദ പ്രസ്താവന നടത്തിയ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുകച്ചു ചാടിക്കാന്‍ മാണി വിഭാഗം കളി തുടങ്ങി. പാര്‍ട്ടിയെ നടുക്കടലില്‍ മുക്കിയെന്ന ആരോപണം മാണിക്കുനേരെ തൊടുത്തുവിട്ട ജോര്‍ജും യുഡിഎഫ് വിട്ട് എല്‍ഡിഎഫിനൊപ്പം ചേരാനുള്ള വഴിയാണ് തിരയുന്നത്.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പച്ചക്കൊടിയുണ്ടെങ്കിലും പി.ബി അംഗം പിണറായി വിജയന്‍ ഇടഞ്ഞു നില്‍ക്കുന്നതാണ് ജോര്‍ജിന്റെ ഇടതുമുന്നണി പ്രവേശനത്തിനു തടസം. കേരള കോണ്‍ഗ്രസില്‍ മാണിയും പി.സി ജോര്‍ജ് വിഭാഗവും രണ്ടു തട്ടിലായിക്കഴിഞ്ഞു. പ്രത്യേക നിലപാടെടുക്കാതെ ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാടാണ് പി.ജെ ജോസഫ് സ്വീകരിക്കുന്നത്.
മാണി ഗ്രൂപ്പിനെ നടുക്കടലില്‍ മുക്കുന്നത് പി.സി. ജോര്‍ജാണെന്നാരോപിച്ച് കോട്ടയത്ത് ടൗണിലൊഴികെ എല്ലാ നിയോജകമണ്ഡലങ്ങളിലും ജോര്‍ജിന്റെ കോലം കത്തിച്ച് യൂത്ത് ഫ്രണ്ട് എം പ്രതിഷേധ സമരം നടത്തി. തിരുവനന്തപുരത്തും എറണാകുളത്തും ജോര്‍ജിന്റെ കോലം കത്തിച്ചു. തിരുവനന്തപുരത്ത് ഇത് യൂത്ത് ഫ്രണ്ടുകാരും വിഎസ്ഡിപി പ്രവര്‍ത്തകരും തമ്മില്‍ ചെറിയ കശപിശയ്ക്കും ഇടയാക്കി.
ജോര്‍ജിനെ ഒറ്റപ്പെടുത്തി പുറത്ത് ചാടിക്കാനുള്ള കളി ഔദ്യോഗിക നേതൃത്വം ആരംഭിച്ചെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ബാര്‍കോഴ വിവാദം ചര്‍ച്ചചെയ്യാന്‍ ഇന്ന് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കുമെന്ന് ചെയര്‍മാന്‍ കെ.എം. മാണി കഴിഞ്ഞ കമ്മിറ്റിയില്‍ ഉറപ്പു നല്കിയിരുന്നു. എന്നാല്‍ കമ്മിറ്റി എന്ന് കൂടണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം എം.പി പറഞ്ഞത്.
ഗവ. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജിനെ മാറ്റാന്‍ ഉമ്മന്‍ചാണ്ടി പച്ചക്കൊടി കാട്ടിയെന്നാണ് മാണി ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. യൂത്ത് ഫ്രണ്ടിനെ രംഗത്തിറക്കിയാണ് ജോര്‍ജിനെതിരെ ഔദ്യോഗിക വിഭാഗം കളി തുടങ്ങിയത്. ഇതിന്റെ ഭാഗമായിരുന്നു ജോര്‍ജിന്റെ കോലം കത്തിക്കല്‍.
കാലുമാറ്റ നിരോധന നിയമമനുസരിച്ച് പാര്‍ട്ടി പുറത്താക്കിയാലേ ജോര്‍ജിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെടാതിരിക്കൂ. പുറത്താക്കാതെ പരമാവധി നാറ്റിച്ച് സ്വയം പുറത്തുപോയി എംഎല്‍എ സ്ഥാനം നഷ്ടപ്പെടുത്താനുള്ള കളികളാണ് പാര്‍ട്ടി നടത്തുന്നത്. ജോര്‍ജ് ഇതില്‍ കുടുങ്ങുമോയെന്നാണ് അറിയേണ്ടത്.
പാലായില്‍ കെ.എം. മാണിക്ക് സ്വീകരണം നല്‍കിയ യോഗത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ തന്നെ കൂവി തോല്‍പിക്കാന്‍ കുറേപ്പേരെ പാര്‍ട്ടി സംഘടിപ്പിച്ചു നിറുത്തിയെന്നും, വിവരം മുന്‍കൂട്ടി അറിഞ്ഞതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് പി.സി. ജോര്‍ജ് നേരത്തെ പറഞ്ഞു. അതിനാല്‍ വിവാദ പ്രസ്താവനകള്‍ നടത്തി സ്വയം നടപടി ക്ഷണിച്ചുവരുത്തി പാര്‍ട്ടിക്കു പുറത്തുചാടാനുള്ള കളികളാണ് പി.സി ജോര്‍ജ് ഇപ്പോള്‍ പയറ്റുന്നത്.
മികച്ച രാഷ്ട്രീയ തന്ത്രജ്ഞനായ ജോര്‍ജ് നെയ്യാറ്റിന്‍കരയിലെ സിപിഎം എംഎല്‍എ സെല്‍വരാജിനെ രാജിവെപ്പിച്ച് ഇടതുമുന്നണിയെ ഞെട്ടിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി വിജയിപ്പിക്കുന്നതിലും പി.സി ജോര്‍ജിന്റെ തന്ത്രങ്ങള്‍ക്കായിരുന്നു മുഖ്യ സ്ഥാനം.
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ ജഡ്ജിയെ വ്യക്തിപരമായി ആക്ഷേപിച്ച് ഉമ്മന്‍ചാണ്ടിയുടെ രക്ഷക്കെത്തിയതും ജോര്‍ജാണ്. എന്നാല്‍ സോളാര്‍ അഴിമതി അടക്കമുള്ള പ്രശ്‌നങ്ങളില്‍ ജോര്‍ജും ഉമ്മന്‍ചാണ്ടിയും പരസ്പരം ഇടയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.