പുകവലി ; അനുകൂല പ്രസ്താവന: മറ്റൊരു ബി ജെ പി എം പി കൂടി വിവാദത്തില്‍

ന്യൂഡല്‍ഹി: പുകവലിക്കനുകൂലമായി പ്രസ്താവന നടത്തി മറ്റൊരു ബി ജെ പി എം പി കൂടി വിവാദത്തില്‍. പുകവലിക്കാര്‍ക്കെല്ലാം അര്‍ബുദം വരാത്തതെന്താണെന്ന പാര്‍ട്ടി എം പി ശ്യാം ശരണ്‍ ഗുപ്തയുടെ പരാമര്‍ശം വിവാദമായതിന് തൊട്ടു പിന്നാലെയാണ് ഇതിനെ അനുകൂലിച്ച് രാം പ്രസാദ് ശര്‍മ കൂടി രംഗത്തെത്തിയത്. സിഗരറ്റ് വലിയും ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നാണ് ശര്‍മയുടെ വാദം.

രാജ്യത്ത് പുകയില ഉത്പന്നങ്ങളുടെ വിപണനം സംബന്ധിച്ച് നിയമഭേദഗതിക്കായി നിയമിച്ച പാര്‍ലിമെന്ററി കമ്മിറ്റിയിലെ അംഗമാണ് ശര്‍മ. പുകവലി ക്യാന്‍സറിന് കാരണമാകുമോ എന്ന് തെളിയിക്കുക ശ്രമകരമാണ്. പുകയിലയില്‍ ക്യാന്‍സറിന് കാരണമായ വസ്തുക്കളോ ഔഷധ വസ്തുക്കളോ അടങ്ങിയിട്ടുണ്ടെന്നത് കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്ററി കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും ഏതെങ്കിലും ഒരു ഡോക്ടര്‍ പുകവലി ക്യാന്‍സറിന് കാരണമാകുമെന്ന തെളിവ് നല്‍കിയിട്ടില്ല. ദിവസം 60 സിഗരറ്റും ഒരു കുപ്പി മദ്യവും കുടിക്കുന്ന ഒരു മുതിര്‍ന്ന അഭിഭാഷകരെ തനിക്കറിയാം. ഇദ്ദേഹം 86ാം വയസ്സിലാണ് മരിച്ചത്. ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല.

മറ്റൊരു അഭിഭാഷകന്‍ ദിവസം 40 സിഗരറ്റ് വലിക്കുകയും ഒരു കുപ്പി മദ്യം കുടിക്കുകയും ചെയ്യുന്നു. അദ്ദേഹം 75ാം വയസ്സിലും ഇപ്പോഴും ജിവിച്ചിരിപ്പുണ്ട്. ഇദ്ദേഹത്തെ ഇതുവരെ ക്യാന്‍സര്‍ പിടികൂടിയിട്ടില്ലെന്നും ശര്‍മ പറഞ്ഞു. നിരവധി പുകവലിക്കാരെ താന്‍ നിങ്ങളുടെ മുമ്പില്‍ അണിനിരത്താമെന്നും അവര്‍ക്കാര്‍ക്കും ഇതുവരെ ക്യാന്‍സര്‍ പിടിപെട്ടിട്ടില്ലെന്നുമുള്ള പ്രസ്താവനയാണ് കഴിഞ്ഞ ദിവസം ശ്യാം ശരണ്‍ ഗുപ്തയെ വിവാദത്തിലാക്കിയത്.

Top