ആഡംബര എസ് യു വി പുറത്തിറക്കാനൊരുങ്ങി ലംബോര്‍ഗ്‌നി

ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗ്‌നി പുതിയ ആഡംബര സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന(എസ് യു വി) നിര്‍മാണത്തിനു തുടക്കം കുറിച്ചു. 2018ലാവും ലംബോര്‍ഗ്‌നിയുടെ എസ് യു വി ലോക വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തുക. കഴിഞ്ഞ ബെയ്ജിങ് ഓട്ടോഷോയിലാണ് എസ് യു വി കണ്‍സപ്റ്റായ ‘ഉറുസ്’ ലംബോര്‍ഗ്‌നി പ്രദര്‍ശിപ്പിച്ചത്.

ഇറ്റലിയിലാവും ലംബോര്‍ഗ്‌നിയുടെ എസ് യു വി പിറവിയെടുക്കുക. പുതിയ വാഹനം യാഥാര്‍ഥ്യമാക്കാന്‍ ലംബോര്‍ഗ്‌നി കോടിക്കണക്കിനു യൂറോ വാരിയെറിയുമെന്നാണ് പ്രതീക്ഷ.

പുത്തന്‍ എസ് യു വി നിര്‍മാണം ഏറ്റെടുക്കുന്നതോടെ ശാലയുടെ വിസ്തീര്‍ണം ഇപ്പോഴത്തെ 80,000 ചതുരശ്ര മീറ്ററില്‍ നിന്ന് ഒന്നരലക്ഷം ചതുരശ്ര മീറ്ററായി ഉയര്‍ത്തും. പുതിയ പ്രൊഡക്ഷന്‍ ലൈന്‍, വെയര്‍ഹൗസ് എന്നിവ സ്ഥാപിക്കുന്നതിനൊപ്പം ഗവേഷണ, വികസന വിഭാഗവും വിപുലീകരിക്കും. എസ് യു വി നിര്‍മാണം തുടങ്ങുന്നതോടെ ലംബോര്‍ഗ്‌നി സപ്ലയര്‍മാര്‍ക്ക് ഇറ്റലിയിലും ആഗോളതലത്തിലും കൂടുതല്‍ അവസരങ്ങള്‍ തുറന്നുകിട്ടുമെന്നാണു പ്രതീക്ഷ. എസ് യു വിക്കായി 500 പുതിയ ജീവനക്കാരെ നിയമിക്കാനും ലംബോര്‍ഗ്‌നിക്കു പദ്ധതിയുണ്ട്.

പുതിയ എസ് യു വിയുമായി യു എസ്, ചൈന, മധ്യപൂര്‍വ ദേശങ്ങള്‍, യു കെ, ജര്‍മനി, റഷ്യ എന്നീ വിപണികള്‍ കീഴടക്കാനാണു ലംബോര്‍ഗ്‌നി ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 3,000 എസ് യു വിയാണു ലംബോര്‍ഗ്‌നി പ്രതീക്ഷിക്കുന്ന വില്‍പ്പന; ഇതു സാധ്യമായാല്‍ കമ്പനിയുടെ മൊത്തം വില്‍പ്പന ഇപ്പോഴത്തേതിന്റെ ഇരട്ടിയായും ഉയരും.

Top