സ്വന്തം നാട്ടില്‍ പോലും ഭയമില്ലാതെ യാത്ര ചെയ്യാന്‍ മനോധൈര്യമില്ലാത്ത സ്ത്രീകള്‍ക്ക് ജീവിത സാഹചര്യങ്ങളെ നേരിടാന്‍ കരുത്തു പകരുന്നതാണ് ആഷിഖ് അബുവിന്റെ റാണി പത്മിനി.
സ്ത്രീപീഡനങ്ങള്‍ അരങ്ങു തകര്‍ക്കുന്ന ഡല്‍ഹിയില്‍ നിന്ന് തന്നെയാണ് തന്റെ കഥാപാത്രങ്ങളുടെ സാഹസിക യാത്രയ്ക്കും സംവിധായകന്‍ തുടക്കം കുറിച്ചത്.
രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ നാടുവിടേണ്ടിവന്ന റാണിയും പത്മിനിയും യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്നതും ഹിമാലയന്‍ കാര്‍ റാലിക്ക് സമാന്തരമായി അവര്‍ നടത്തുന്ന യാത്രയും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പത്മിനിയായി വേഷമിടുന്ന മഞ്ചുവാര്യര്‍ കാര്‍ റാലിയില്‍ പങ്കെടുക്കുന്ന ഭര്‍ത്താവിനെ തേടിയാണ് യാത്ര തിരിച്ചതെങ്കില്‍ റാണിയുടെ വേഷം അവതിപ്പിച്ച റിമ കല്ലിങ്കല്‍ ഗുണ്ടാ സംഘത്തില്‍നിന്ന് രക്ഷതേടിയാണ് ഹിമാലയിത്തിലേക്ക് വച്ചുപിടിച്ചത്.
യാത്രയില്‍ പ്രതിസന്ധികള്‍ നേരിടുമ്പോഴും അതിനെ സധൈര്യം നേരിട്ട് മുന്നോട്ടു പോവുന്ന റാണി പത്മിനിമാര്‍ വര്‍ത്തമാന കാലഘട്ടത്തില്‍ സ്ത്രീകള്‍ എങ്ങനെയായിരിക്കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
പത്മിനിയെ പെണ്ണുകാണാന്‍ വന്ന ദിവസവും പിന്നീട് മകനെ കൊണ്ട് വിവാഹമോചന നോട്ടീസില്‍ ഒപ്പിടീപ്പിക്കുമ്പോഴും, അടക്കവും ഒതുക്കവുമുള്ള പെണ്ണാണ് മകന് വേണ്ടി താന്‍ ആഗ്രഹിക്കുന്നതെന്ന് പറയുന്ന അമ്മായിയമ്മ സ്വന്തം വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ സ്ത്രീകളെ തളച്ചിടാന്‍ ശ്രമിക്കുന്ന ‘സമൂഹത്തിന്റെ’ പ്രതിനിധിയാണ്.
ഈ ചുവരുകള്‍ തകര്‍ത്താണ് സംവിധായകന്‍ പത്മിനിയെന്ന നാടന്‍ സ്ത്രീകഥാപാത്രത്തെ കാലഘട്ടം ഇന്നാവശ്യപ്പെടുന്ന പ്രതികരണ ശേഷിയുള്ള കഥാപാത്രമായി മാറ്റിയെടുത്തത്.
തന്നെ ഭീഷണിപ്പെടുത്താന്‍ വന്ന ഗുണ്ടാ സംഘത്തെ ആക്രമിച്ച് കടന്നുകളയുന്ന റാണിയുടെ ധീരതയിലേക്കും ആത്മവിശ്വാസത്തിലേക്കും ഒന്നിച്ചുള്ള യാത്രയില്‍ പത്മിനിയെയും സംവിധായകന്‍ എത്തിച്ചു.
സിനിമ ആവശ്യപ്പെടുന്നതിലും അപ്പുറം തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കാന്‍ മഞ്ജുവാര്യര്‍ക്കും റിമ കല്ലിങ്കലിനും സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം.
ഹോര്‍ലിക്‌സ് വാങ്ങുമ്പോള്‍ ഫ്രീ കിട്ടുന്നതല്ലാ പെണ്ണെന്നും ഭര്‍ത്താവിന്റെ വീട്ടിലെ നാല് ചുവരുകള്‍ക്കിടയില്‍ ഒതുങ്ങുന്നതല്ല അവളുടെ സ്വപ്‌നമെന്നും തുറന്നടിക്കുന്ന ചിത്രം പുതിയ തലമുറയുടെ നിലപാടുകളാണ് മുറുകെ പിടിക്കുന്നത്.
ആറ്റികുറുക്കിയുള്ള സംഭാഷണം സന്ദര്‍ഭോചിതമായ കോമഡി, കണ്ണുകള്‍ക്ക് വിസ്മയമൊരുക്കുന്ന ദൃശ്യങ്ങള്‍ തുടങ്ങിയവ എടുത്തുപറയേണ്ട കാര്യങ്ങളാണ്.
പത്മിനിയുടെ ഭര്‍ത്താവ് ഗിരിയായി എത്തുന്ന ജിനു ജോസഫ്, അമ്മായിയമ്മയുടെ വേഷത്തിലെത്തുന്ന സജിത മഠത്തില്‍, ഗിരിയുടെ സുഹൃത്തായി എത്തുന്ന ബിനു പപ്പു, ഗുണ്ടാ തലവന്‍ രാജയായ ഹരീഷ് ഖന്ന എന്നിവരെല്ലാം അവരുടെ റോളുകള്‍ മികച്ചതാക്കിയിട്ടുണ്ട്.
വളരെ കൃത്യമായ പ്ലാനോടുകൂടി ചിത്രീകരിച്ച സിനിമയാണ് റാണി പത്മിനിയെന്ന് അതിന്റെ ഓരോ ഷോട്ടും ദര്‍ശിച്ചാല്‍ മനസ്സിലാകും.
പ്രമേയത്തിലെ പുരോഗമനപരമായ നിലപാടും അവതരണത്തിലെ പുതുമയുമാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. അതിന് ആഷിഖ് അബുവിനെയും ടീമിനെയും അഭിനന്ദിച്ചേ പറ്റൂ.
ഹിമാലയത്തിലെ പ്രതികൂല കാലാവസ്ഥയെയും വെല്ലുവിളികളെയും അതിജീവിച്ച് ക്യാമറ ചലിപ്പിച്ച മധു നീലകണ്ഠനും, ശ്യാം പുഷ്‌കരനും രവിശങ്കറും എഴുതിയ തിരക്കഥക്കനുസരിച്ച് പശ്ചാത്തല സംഗീതമൊരുക്കിയ ബിജിപാലും എഡിറ്റിംഗ് നിര്‍വഹിച്ച സൈജു ശ്രീധരനും റാണി പത്മിന്മാരെ വ്യത്യസ്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
തീര്‍ച്ചയായും മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ മുന്‍നിരയില്‍ തന്നെ ഇടം പിടിക്കാന്‍ അര്‍ഹതയുണ്ട് ഈ ചിത്രത്തിന്.