പുത്തന്‍ സേവനങ്ങള്‍ അവതരിപ്പിച്ച് ആപ്പിള്‍; ആപ്പിള്‍ മ്യൂസികും ഐഒഎസ് 9 എത്തി

ന്യൂയോര്‍ക്ക്: പുത്തന്‍ സേവനങ്ങള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ വിസ്മയിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. ഐഒഎസ് 9 കൂടാതെ ആപ്പിള്‍ മ്യൂസികും ആപ്പിള്‍ വാച്ചിനായി പുതുപുത്തന്‍ ആപ്പും അവതരിപ്പിച്ചു. വാര്‍ഷിക കോണ്‍ഫറന്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് ആപ്പിള്‍ വാച്ചിന് വേണ്ടി ആവിഷ്‌ക്കരിച്ച പുത്തന്‍ ആപ്പിനെക്കുറിച്ച് വിശദീകരിച്ചു.

ഐപോഡും ഐട്യൂണുമായി ഡിജിറ്റല്‍ സംഗീതത്തിന് പുത്തന്‍ മുഖം നല്‍കിയ ആപ്പിള്‍ നഷ്ടപ്രതാപം വീണ്ടെടുക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ആപ്പിള്‍ മ്യൂസിക് അവതരിപ്പിച്ചത്. എല്ലാത്തരം സംഗീത പ്രേമികളെയും ലക്ഷ്യമിട്ട് കൊണ്ടാണ് ആപ്പിളിന്റെ പുതുപരീക്ഷണം. ലോകമെങ്ങും നിന്നുളള റേഡിയോ സംപ്രേഷണവും തത്സമയം ലഭ്യമാകുമെന്നതാണ് ആപ്പിള്‍ മ്യൂസികിന്റെ പ്രത്യേകത. ഈ മാസം 30 മുതല്‍ ഐഫോണിലും ഐപാഡിലും ഐപോഡിലും വിന്‍ഡോസിലും മാകിലും പേഴ്‌സണല്‍ കമ്പ്യൂട്ടറിലും ആപ്പിള്‍ ടിവിയിലും ആപ്പിള്‍ മ്യൂസിക് ലഭ്യമാകും. 100 രാജ്യങ്ങളിലാണ് ആദ്യം ഈ സൗകര്യം ലഭിക്കുക.

9.99ഡോളര്‍ നല്‍കിയാല്‍ മൂന്ന് മാസത്തേക്ക് ആപ്പിള്‍ മ്യൂസിക് ഉപയോഗിക്കാം. ഫാമിലി പ്ലാന്‍ എന്നൊരു പായ്‌ക്കേജും ഒരുക്കിയിട്ടുണ്ട്. 14.99 ഡോളറാണ് ഇതിന് നല്‍കേണ്ടത്.

നവീകരിച്ച ഇന്റര്‍നെറ്റ് സംവിധാനം ഐഒഎസ് 9ല്‍ ഒരുക്കിയിട്ടുണ്ട്. ആപ്പിള്‍ പേ സര്‍വീസിലൂടെ 2500ലേറെ ബാങ്കുകളുടെ സേവനവും ഇവര്‍ ഒരുക്കുന്നു. അടുത്തമാസത്തോടെ 10 ലക്ഷം സ്ഥലങ്ങളിലുളള ബാങ്കുകളുടെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും. പാസ്ബുക്കിന് വാലറ്റ് എന്ന് പുനര്‍നാമം ചെയ്താകും ഇതിന്റെ സേവനങ്ങള്‍. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് സൗകര്യങ്ങളും ബോര്‍ഡിംഗ് പാസ് സൗകര്യവും ആപ്പിള്‍ ഒരുക്കുന്നുണ്ട്.

Top