കൊച്ച: മലയാള സൂപ്പര്‍ താരങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പറ്റാത്ത ഒരു വരവേല്‍പ്പ്. അതും തമിഴ് സിനിമക്ക്.
ആശങ്കയോടെയും അതോടൊപ്പം അത്ഭുതത്തോടെയുമാണ് ഇളയ ദളപതി വിജയ്‌യുടെ പുലിയുടെ രംഗപ്രവേശത്തെ മലയാള സിനിമാലോകം ഉറ്റുനോക്കുന്നത്.
തുള്ളാതെ മനവും തുള്ളും, ഗില്ലി, പോക്കിരി, തുപ്പാക്കി, കത്തി തുടങ്ങി വിജയ്‌യുടെ
ചിത്രങ്ങള്‍ക്കെല്ലാം വന്‍വരവേല്‍പ്പ് മലയാള സിനിമാ പ്രേക്ഷകര്‍ നല്‍കിയിരുങ്കെിലും പുലി എല്ലാവര്‍ക്കും ഇപ്പോള്‍ സ്‌പെഷ്യലാണ്.
രാജ്യത്തെ കളക്ഷന്‍ റിക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുന്ന ബാഹുബലി സിനിമയ്ക്ക് തൊട്ടു പിന്നാലെ എത്തുന്ന പുലി ബാഹുബലിയെ കടത്തിവെട്ടണമെന്ന ആഗ്രഹമാണ് വിജയ് ആരാധകര്‍ക്ക്. രണ്ട് വര്‍ഷത്തിലധികം ചിത്രീകരണത്തിനെടുത്ത് പുറത്തിറങ്ങിയ ബാഹുബലിയെ വെറും ആറ് മാസം പ്രായമായ പുലി നേരിടുന്നതില്‍ ഒരു ‘ത്രില്ല്’ ഉണ്ടെന്നാണ് ഇളയദളപതിയുടെ ആരാധകര്‍ പറയുന്നത്.
രാജമൗലി എന്ന സംവിധായകന്റെ മാത്രം സിനിമയായാണ് ബാഹുബലി അറിയപ്പെട്ടതെങ്കില്‍ വിജയ് സിനിമ എന്ന രൂപത്തിലാണ് പുലിയുടെ വരവ്.
ഇന്റര്‍നെറ്റ് ലോകത്ത് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയെ നിലംപരിശാക്കി ഏറ്റവും അധികം ആളുകള്‍ വീക്ഷിച്ചത് പുലിയുടെ ടീസറുകളാണ്.
ഇത് തന്നെയാണ് മലയാള സിനിമാ ലോകത്തിന്റെ നെഞ്ചിടിപ്പും കൂട്ടുന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളേക്കാള്‍ ചെറുപ്പക്കാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലുമെല്ലാം വിജയിന് ലഭിക്കന്ന സ്വീകാര്യതയാണ് 200-ല്‍ അധികം തിയേറ്ററുകളില്‍ കേരളത്തില്‍ മാത്രം ‘പുലി’ റിലീസ് ചെയ്യാന്‍ വിതരണക്കാരെ പ്രേരിപ്പിച്ച ഘടകം.
ഇതുമൂലം ഇപ്പോള്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന എന്ന് നിന്റെ മൊയ്തീന്‍, ഉറുമ്പുകള്‍ ഉറങ്ങാറില്ല, ലൈഫ് ഓഫ് ജോസൂട്ടി, കോഹിനൂര്‍ തുടങ്ങിയ ചിത്രങ്ങളുടെ നിലനില്‍പ്പും പരുങ്ങലിലായിരിക്കുകയാണ്.
പുലിക്കു ‘മീതെ’ മറ്റു സിനിമകളെ ആശ്രയിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറല്ലാത്തത് തന്നെയാണ് മലയാള ചിത്രങ്ങള്‍ക്ക് ഭീഷണിയായിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമായി രണ്ടായിരത്തോളം തിയേറ്ററുകളിലാണ് പുലി റിലീസ് ചെയ്യുന്നത്.
മുതല്‍മുടക്കിലും മറ്റ് സാങ്കേതിക മികവിലും അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കാന്‍ കഴിയാത്തതിനാല്‍ നട്ടംതിരിയുന്ന മലയാള സിനിമയ്ക്ക് സ്വന്തം നാട്ടില്‍ തിയേറ്റര്‍ പോലും കിട്ടാത്ത സാഹചര്യമുണ്ടാവുന്നത് സിനിമാ മേഖലയെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
ബാഹുബലി ഒരു വാര്‍ മൂവിയായിരുന്നെങ്കില്‍ പുലി ഫാന്റസി മൂവിയാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇരു സിനിമകള്‍ക്കും ഗ്രാഫിക്‌സ് വര്‍ക്ക് ചെയ്തിരിക്കുന്നത് ഹോളിവുഡ് സിനിമകളിലെ പ്രമുഖരാണ്.
ആദ്യകാല നായിക ശ്രീദേവി ശക്തമായി തിരിച്ചുവരുന്നുവെന്ന പ്രത്യേകത കൂടി പുലിക്കുണ്ട്. വിജയിന് പുറമേ ശ്രുതിഹാസന്‍, ഹന്‍സിക, കന്നട സൂപ്പര്‍താരം സുദീപ് തുടങ്ങി പ്രമുഖരുടെ ഒരു നിരതന്നെ പുലിക്ക് പിന്നിലുണ്ട്.
പ്രമുഖ സംവിധായകന്‍ ചിമ്പുദേവന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദേവിശ്രീ പ്രസാദാണ്.