മുംബൈ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി.
രാജ്യത്തെ പ്രധാന അക്കാദമിക് ജനാധിപത്യ സ്ഥാപനങ്ങളിലെല്ലാം തങ്ങളുടെ ഇഷ്ടക്കാരായ കഴിവുകുറഞ്ഞവരെ നിയമിക്കുകയാണ് ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും ചെയ്യുന്നതെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
സംഘപരിവാരിന്റെ നിര്‍ദേശമനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങളില്‍ കഴിവുകെട്ടവരെ നിയമിക്കുന്നത്. സ്ഥായിയായി നിലനര്‍ത്താന്‍ കഴിയുന്ന സംഘടിത നുഴഞ്ഞുകയറ്റമാണ് ആര്‍.എസ്.എസ് ഇതിലൂടെ ചെയ്യുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരെ സമരം ചെയ്യുന്ന പൂനെയിലെ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പൂനെയിലെ വിദ്യാര്‍ഥികള്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.