പൂന്തോ അബാര്‍ത്ത് ഇന്ത്യന്‍ വിപണിയിലേക്ക്; കരുത്തേറിയ ഹാച്ച്ബാക്കെന്ന് അവകാശവാദം

കാര്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘പുന്തൊ അബാര്‍ത്ത്’ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ ഹാച്ച്ബാക്ക് എന്ന പെരുമയോടെയാണ് ‘പുന്തൊ അബാര്‍ത്തി’ന്റെ വരവ്.

കാറിലെ 1.4 ലീറ്റര്‍, ടി ജെറ്റ് പെട്രോള്‍ എന്‍ജിന് പരമാവധി 145 ബി എച്ച് പി കരുത്തും 210 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു ‘പറക്കാന്‍’ കാറിന് വെറും 8.8 സെക്കന്‍ഡ് മതിയെന്നാണ് കമ്പനിയുടെ അവകാശവാദം.

ഇന്ത്യയിലെ റോഡ് സാഹചര്യങ്ങള്‍ പരിഗണിച്ചു കടുപ്പമുള്ള സസ്‌പെന്‍ഷനോടെ എത്തുന്ന ‘പുന്തൊ അബാര്‍ത്തി’ന്റെ റൈഡ് ഹൈറ്റില്‍ 20 എം എമ്മിന്റെ കുറവും എഫ് സി എ വരുത്തിയിട്ടുണ്ട്. ബ്രേക്കിങ് കാര്യക്ഷമമാക്കാനും മെച്ചപ്പെട്ട നിയന്ത്രണത്തിനുമായി എല്ലാ വീലിലും ഡിസ്‌ക് ബ്രേക്ക് സഹിതം എത്തുന്ന കാറിന് വീതിയേറിയ 195/55 ആര്‍ 16 ടയറുകളും അതിനു ചുറ്റും 16 ഇഞ്ച് ‘സ്‌കോര്‍പിയൊ’ അലോയ് വീലുകളുമാണ് എഫ് സി എ ലഭ്യമാക്കുന്നത്. അകത്തളത്തില്‍ ‘പുന്തൊ ഇവൊ 90 ബി എച്ച് പി’യിലെ ബ്ലാക്ക് തീം പിന്തുടരുന്ന കാറില്‍ പക്ഷേ ചുവപ്പ് – മഞ്ഞ കോണ്‍സ്ട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ വ്യത്യസ്ത സീറ്റ് ഫാബ്രിക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

പ്രകടനക്ഷമതയേറിയ കാറുകളുടെ ശ്രേണി ‘പുന്തൊ അബാര്‍ത്തോ’ടെ അവസാനിക്കില്ലെന്നും എഫ് സി എ ഇന്ത്യ വ്യക്തമാക്കുന്നുണ്ട്. വൈകാതെ രാജ്യത്തെ കരുത്തേറിയ ക്രോസ്ഓവറായി മാറാന്‍ ‘അവെഞ്ചുറ അബാര്‍ത്ത്’ അവതരിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

Top