മൂന്നാര്‍: തൊഴില്‍ ആനുകൂല്യം ആവശ്യപ്പെട്ട് തോട്ടം ഉടമകള്‍ക്കും സര്‍ക്കാരിനുമെതിരെ തെരുവിലിറങ്ങി സ്ത്രീകള്‍ നടത്തുന്ന സമരം സംസ്ഥാനത്തെ പിടിച്ചുലച്ച് നില്‍ക്കെ, പ്രമുഖ തോട്ടം ഉടമകളായ കണ്ണന്‍ ദേവന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാല്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.
തൊഴിലാളികളെ വഞ്ചിക്കുന്ന തോട്ടം ഉടമകള്‍ക്ക് വേണ്ടി പരസ്യ ചിത്രത്തിലഭിനയിക്കുന്നത് മോഹന്‍ലാല്‍ അവസാനിപ്പിച്ച് ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറാനോ അതല്ലെങ്കില്‍ പ്രശ്‌നപരിഹാരത്തിനായി രംഗത്തിറങ്ങാനോ തയ്യാറാവണമെന്നാണ് പൊതുസമൂഹത്തിനിടയില്‍ നിന്നുയര്‍ന്ന് വരുന്ന ആവശ്യം.
പരിസ്ഥിതി വിഷയങ്ങളിലും നഴ്‌സുമാരുടെ സമരത്തിലും ടി പി ചന്ദ്രശേഖരന്‍ വധക്കേസിലുമടക്കം നിരവധി വിവാദ സംഭവങ്ങളില്‍ ഇടപെട്ട് ബ്ലോഗിലൂടെ തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന മോഹന്‍ലാലിന്റെ നിലപാട് പൊതുസമൂഹത്തില്‍ മാത്രമല്ല അധികാര വര്‍ഗ്ഗത്തിലും സ്വാധീനം ചെലുത്തുമെന്ന് കണ്ടാണ് ഇത്തരമൊരു ആവശ്യം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
കേരളത്തിലെ സമര ചരിത്രം തിരുത്തിയെഴുതി തോട്ടം ഉടമകള്‍ക്കെതിരെ മാത്രമല്ല, വര്‍ഗ്ഗ വഞ്ചന നടത്തിയ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കെതിരെ കൂടിയുള്ള പ്രതിഷേധ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് മൂന്നാറിലെ തൊഴിലാളി സമരം.
എട്ട് ദിവസം പിന്നിടുന്ന സമരത്തില്‍ പതിനായിരക്കണക്കിന് സ്ത്രീകളാണ് രണ്ടും കല്‍പ്പിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്.
കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന സ്ത്രീ തൊഴിലാളി സമരത്തെ മോഹന്‍ലാല്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും കണ്ണന്‍ ദേവന്‍ ഉള്‍പ്പെടെയുള്ള തോട്ടം മാനേജ്‌മെന്റില്‍ സമ്മര്‍ദം ചെലുത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും സാംസ്‌കാരിക നായകരില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ കണ്ണന്‍ ദേവന്‍ ടീ കമ്പനിയുടെ സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ബ്രാന്‍ഡ് അംബാസിഡര്‍ പദവി ലാല്‍ ഒഴിയണമെന്നാണ് തൊഴിലാളികളില്‍ നിന്നുയരുന്ന ആവശ്യം.
അതേസമയം തൊഴിലാളികളുടെ സമരം നയിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തുകയും നിര്‍ണ്ണായക സന്ധിസംഭാഷണം നടത്താനുമിരിക്കെ മൂന്നാറില്‍ പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചര്‍ച്ച പരാജയപ്പെട്ടാല്‍ വന്‍ സംഘര്‍ഷ സാധ്യതയുണ്ടാവുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
മുഖ്യധാരാ മാധ്യമങ്ങള്‍ ‘ചരമ’ കോളത്തിലൊതുക്കിയ മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ പ്രതിഷേധ ‘പ്രഹരം’ സെപ്തംബര്‍ ഏഴിന്, 12.43 ന് Express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നവമാധ്യമങ്ങളില്‍ പ്രതിഷേധം പടര്‍ന്നതിനെ തുടര്‍ന്നാണ് പ്രമുഖ മാധ്യമങ്ങളും ചാനല്‍ ഒബി വാനുകളും മൂന്നാറിലേക്ക് പറന്നത്.
നേതാക്കള്‍ മുതലാളികളുടെ വക്താക്കളായപ്പോള്‍ ട്രേഡ് യൂണിയന്‍ ചട്ടക്കൂടില്‍ നിന്നും പുറത്ത വന്ന സ്ത്രീ തൊഴിലാളികള്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങി നടത്തുന്ന സമരമാണ് രാഷ്ട്രീയ കേരളത്തെ ഇപ്പോള്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.