തൃശൂര്‍: പെരിഞ്ഞനം കാട്ടൂര്‍ സ്വദേശി നവാസിനെ വെട്ടിക്കൊന്ന കേസില്‍ പത്ത് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്‍പതാം പ്രതി സുമേഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും പ്രതിയായിട്ടുണ്ട്.
ഒന്നാം പ്രതി പുതുക്കാട് സ്വദേശികളായ കല്ലരര്‍ പള്ളിരുത്ത് ചെറുവാള്‍ക്കാരന്‍ റിന്റോ (32), രണ്ടാം പ്രതി കല്ലൂര്‍ അറയ്ക്കല്‍ വീട്ടില്‍ സലേഷ് (22), മൂന്നാം പ്രതി മാവിന്‍ചുവട് ചിറ്റിയത്ത് ബിദുന്‍ (22), നാലാം പ്രതി കല്ലൂര്‍ തെറ്റാട്ട് പൂക്കോളി ജിക്‌സണ്‍ (31), അഞ്ചാം പ്രതി പെരിഞ്ഞനെ സ്വദേശി നടയ്ക്കല്‍ ഉദയകുമാര്‍ (45), ആറാം പ്രതി കയ്പമംഗലം വഴിയമ്പലത്ത് ചുള്ളിപ്പറമ്പില്‍ ഹബീബ് (31), ഏഴാം പ്രതി പെരിഞ്ഞനം വെസ്റ്റ് കിഴക്കേടത്ത് സനീഷ് (29), എട്ടാം പ്രതിയും സി.പി.എം. പെരിഞ്ഞനം മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ പെരിഞ്ഞനം ചക്കരപ്പാടം നെല്ലിപ്പറമ്പത്ത് രാമദാസന്‍ (41), പത്താം പ്രതി റഫീഖ്, പതിനൊന്നാം പ്രതി സുബൈര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ഇതില്‍ ഒന്നും മുതല്‍ നാലു വരെയുള്ള പ്രതികള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളും മുറ്റുള്ളവര്‍ സജീവ സി.പി.എം. പ്രവര്‍ത്തകരുമാണ്. സംഭവം നടക്കുമ്പോള്‍ പെരിഞ്ഞനം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു രാമദാസ്.
2014 മാര്‍ച്ച് രണ്ടിന് രാത്രിയാണ് കൂട്ടുകാരോടൊത്ത് ഇരിക്കുമ്പോള്‍ സി.പി.എം പ്രവര്‍ത്തകന്‍ തന്നെയായ നവാസിനെ വെട്ടിക്കൊന്നത്. ബി.ജെ.പി പ്രവര്‍ത്തകനായ ഗിരീഷിനെ ലക്ഷ്യമിട്ട് വന്ന അക്രമിസംഘം ആളുമാറിയാണ് നവാസിനെ വെട്ടിക്കൊന്നത്.