മുംബൈ: പ്രമുഖ ദേശീയ വാര്‍ത്താ ചാനലായ സിഎന്‍എന്‍-ഐബിഎന്നിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ 2014ന്റെ വോട്ടെടുപ്പ് ക്ലൈമാക്‌സിലേക്ക്. ഇന്ന് രാത്രിയോടെ അവസാനിക്കുന്ന ഓണ്‍ലൈന്‍ വോട്ടിംഗില്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ മറികടന്നിരിക്കുകയാണ് മലയാളി ഐപിഎസ് ഓഫീസര്‍ പി.വിജയന്‍.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവര പ്രകാരം തെലങ്കാന മുഖ്യമന്ത്രിക്ക് 29 ശതമാനവും വിജയന് 40 ശതമാനം വോട്ടുമാണ് ലഭിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള സല്‍മാന്‍ ഖാന് ഒരു ശതമാനം വോട്ട് കുറഞ്ഞ് അഞ്ച് ശതമാനത്തില്‍ നില്‍ക്കുകയാണ്. നാല് ശതമാനം വോട്ടോടെ അമീര്‍ ഖാനാണ് നാലാമത്.
തെലങ്കാന വികാരമുയര്‍ത്തിയും, സംഘടിത നീക്കം നടത്തിയും വോട്ടെടുപ്പില്‍ ഒറ്റ രാത്രികൊണ്ട് മുന്നേറിയ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ഇന്റലിജന്‍സ് ഡിഐജി വിജയന്റെ മുന്നേറ്റം. ലീഡ് നില വര്‍ദ്ധിപ്പിച്ച് ചന്ദ്രശേഖരറാവുവിനെ ‘തളച്ചിടാന്‍’ കഴിഞ്ഞാല്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി വിജയന്‍ തിരഞ്ഞെടുക്കപ്പെടും. അവശേഷിക്കുന്ന മണിക്കൂറുകള്‍ ഇരുവര്‍ക്കും നിര്‍ണായകമാണ്.
സ്റ്റുഡന്റ്‌സ് പൊലീസ് സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘സ്വന്തം’ നാടായ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കേണ്ടി വന്ന സാഹചര്യത്തിലാണ് പദ്ധതിയുടെ ശില്‍പ്പിയെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിലേക്ക് സിഎന്‍എന്‍-ഐബിഎന്‍ അധികൃതര്‍ പരിഗണിച്ചത്.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കര്‍മനിരതമായ തലമുറയെ ലക്ഷ്യമിട്ട് നടപ്പാക്കിയ സ്റ്റുഡന്റ്‌സ് പൊലീസ് സംവിധാനം നടപ്പാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇതു സംബന്ധമായ കേന്ദ്രതീരുമാനം വരുന്നതിന് മുന്‍പ് തന്നെയാണ് ഇപ്പോഴത്തെ വോട്ടെടുപ്പ് എന്നതും ശ്രദ്ധേയമാണ്.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒറീസ മുഖ്യമന്ത്രി ബിജു പട്‌നായിക്, ബിജെപി പ്രസിഡന്റ് അമിത് ഷാ തുടങ്ങിയവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും തെലങ്കാന മുഖ്യമന്ത്രിയുമായി മലയാളി ഐപിഎസ് ഓഫീസര്‍ നടത്തിയ ഓണ്‍ലൈന്‍ പോരാട്ടത്തില്‍ ബോളിവുഡ് താരങ്ങള്‍ക്ക് പുറമേ രാഷ്ട്രീയ നായകര്‍ക്കും അടി പതറുകയായിരുന്നു.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ വോട്ട് വര്‍ദ്ധനയില്‍ ചില ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടിംഗ് പ്രക്രിയയില്‍ ചാനല്‍ അധികൃതര്‍ ശക്തമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. പി.വിജയന്റെ വിജയത്തിനായി ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, ദിലീപ്, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.കെ.എന്‍ കുറുപ്പ് തുടങ്ങി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.
സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍, രക്ഷിതാക്കള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍പെട്ടവരും ഇപ്പോള്‍ വിജയനു വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. ഗവണ്‍മെന്റ് വിമന്‍സ് കോളേജ് തിരുവനന്തപുരം, ഗോകുലം മെഡിക്കല്‍ കോളേജ്, യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ്, ശാന്തിഗിരി മെഡിക്കല്‍ കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്, വര്‍ക്കല എസ്.എന്‍ കോളേജ്, ചെമ്പഴന്തി എസ്.എന്‍ കോളേജ്, കൊല്ലം എസ്.എന്‍ കോളേജ്, ജെഡിസി പോളി ടെക്‌നിക് ആന്‍ഡ് ആര്‍ട്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് തുടങ്ങിയ ഇടങ്ങളില്‍ വിജയനു വേണ്ടി ശക്തമായ ക്യാമ്പയിനുകളാണ് നടക്കുന്നത്. തെലങ്കാന വികാരമുയര്‍ത്തി ചന്ദ്രശേഖര റാവു മുന്നേറിയ വാര്‍ത്ത പുറത്തു വന്നതോടെയാണ് കോളേജുകളില്‍ പ്രതികരണം ശക്തമായത്.
പ്രാദേശിക വികാരമല്ല മറിച്ച് രാജ്യത്തിന് മാതൃകയായ പദ്ധതി നടപ്പാക്കി വിജയിപ്പിച്ചതിനാണ് വിജയന് വോട്ട് ചെയ്യുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
നിങ്ങളുടെ ഫേസ്ബുക്കില്‍ #iotyPVijayan എന്ന ഹാഷ് ടാഗ് കോപ്പി പേസ്റ്റ് ചെയ്ത് പി വിജയന് വോട്ട് നല്‍കാവുന്നതാണ്.