സിഎന്‍എന്‍ ദേശീയ പുരസ്‌കാരം; മലയാളി ഓഫീസറെ തള്ളാന്‍ അണിയറയില്‍ നീക്കം

മുംബൈ: പ്രമുഖ വാര്‍ത്താ ചാനലായ സിഎന്‍എന്‍ – ഐബിഎന്നിന്റെ 2014ലെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡില്‍ നിന്ന് മലയാളി ഐപിഎസ് ഓഫീസറെ തള്ളാന്‍ ആസൂത്രിത നീക്കം!

ഓണ്‍ ലൈന്‍ വോട്ടിംഗില്‍ 39 ശതമാനം വോട്ട് നേടി ഒന്നാം സ്ഥാനത്ത് ഇന്റലിജന്‍സ് ഡിഐജി പി. വിജയനും രണ്ടാം സ്ഥാനത്ത് 7 ശതമാനം വോട്ട് നേടി നടന്‍ അമീര്‍ഖാനും മുന്നേറിയ ഇടത്ത് പെട്ടെന്ന് തന്നെ ചിത്രത്തില്‍ പോലും ഇല്ലാതിരുന്ന തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു മുന്നില്‍ കയറിയതാണ് സംശയത്തിനിട നല്‍കിയിരിക്കുന്നത്.

വിജയന്റെ വിജയ ശതമാനം 39ല്‍ നിന്ന് 21 ആയി ചുരുങ്ങുകയും ചന്ദ്രശേഖരറാവു ഒറ്റയടിക്ക് ഇപ്പോള്‍ 29 ശതമാനമായി ഉയര്‍ന്നതും അസാധാരണമാണെന്നാണ് ഐ.ടി വിദഗ്ധര്‍ പറയുന്നത്. നേരത്തെ 7 ശതമാനം വോട്ട് നേടിയിരുന്ന ചന്ദ്രശേഖരറാവു ഒരു മണിക്കൂറിനുള്ളില്‍ അത് 14 ശതമാനത്തോളമായി ഉയര്‍ത്തിയ സന്ദര്‍ഭമാണ് സംശയത്തിനാധാരം. ചില സോഷ്യല്‍ മീഡിയ കമ്പനികള്‍ ചന്ദ്രശേഖരറാവുവിന് വേണ്ടി വോട്ട് ചെയ്യുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കാമെന്ന സംശയമാണ് ഇവിടെ ബലപ്പെടുന്നത്.

സിഎന്‍എന്‍- ഐബിഎന്‍ ചാനല്‍ അധികൃതര്‍ നേരത്തെ ഈ മാസം 4ന് വോട്ടെടുപ്പ് അവസാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. അങ്ങനെ വരികയായിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ടോടെ വിജയന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുമായിരുന്നു. അപ്രതീക്ഷിതമായി ചാനല്‍ അധികൃതര്‍ വോട്ടെടുപ്പ് തിയതി നീട്ടിയതാണ് മലയാളി പ്രതീക്ഷയ്ക്ക് ഇപ്പോള്‍ മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

തുടക്കം മുതല്‍ പി.വിജയന്‍ വോട്ടിങ്ങില്‍ ഒന്നാമതെത്തുമെന്ന് ചാനല്‍ അധികൃതര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. അവരുടെ കണക്കുകൂട്ടല്‍ തെറ്റിയതാണോ വോട്ടിംഗ് പ്രക്രിയ നീട്ടാന്‍ കാരണമെന്ന കാര്യമേ ഇനി അറിയാനൊള്ളു.

ചന്ദ്രശേഖരറാവുവിന്റെ വോട്ടിംഗ് ശതമാനം വര്‍ദ്ധിക്കുന്നത് രാത്രികാലങ്ങളിലാണെന്നാണ് അറിയുന്നത്. തെലുങ്കാന മുഖ്യമന്ത്രിക്കും ഐപിഎസ് ഓഫീസര്‍ക്കും പിന്നാലെ മൂന്നാമതായി 7 ശതമാനം വോട്ട് നേടി നടന്‍ സല്‍മാന്‍ഖാനാണുള്ളത്. നേരത്തെ അമീര്‍ഖാനായിരുന്നു മൂന്നാം സ്ഥാനത്ത്. 6 ശതമാനം വോട്ട് നേടി ഇപ്പോള്‍ അമീര്‍ഖാന്‍ നാലാം സ്ഥാനത്താണുള്ളത്. വോട്ടെടുപ്പ് ഈ മാസം 31ന് അവസാനിക്കും.

മലയാളി ഐപിഎസ് ഓഫീസര്‍ വിജയനെ പിന്തുണച്ച് മമ്മൂട്ടി,ദിലീപ്, മഞ്ജു വാര്യര്‍, കാവ്യാ മാധവന്‍, സംവിധായകന്‍ ലോഹിത ദാസിന്റെ കുടുംബം, ചരിത്രകാരന്‍ കെ.കെ എന്‍ കുറുപ്പ് തുടങ്ങി നാടിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ രംഗത്ത് വന്നിരുന്നു. സ്റ്റുഡന്റ്‌സ് പൊലീസിങ്ങിലൂടെ കര്‍മ്മ നിരതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ വഹിച്ച പങ്കാണ് വിജയന് അവാര്‍ഡ് പട്ടികയില്‍ ഇടംപിടിക്കാന്‍ വഴിയൊരുക്കിയത്.

നിലവിലെ സാഹചര്യത്തില്‍ താരപ്പടക്ക് പിന്നാലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിജയന്റെ വിജയം ലക്ഷ്യമിട്ട് ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ എന്ത് വെല്ലുവിളികള്‍ ഉണ്ടായാലും ഡിഐജി വിജയന്‍ മുന്നിലെത്തുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.

 സിഎന്‍എന്‍ – ഐബിഎന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് പി.വിജയന് വോട്ട് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Top