പൊതുവിദ്യാലയങ്ങളില്‍ പഠനനിലവാരം താഴുന്നതായി എസ്.സി.ഇ.ആര്‍.ടി റിപ്പോര്‍ട്ട്

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം താഴുന്നതായി എസ്.സി.ഇ.ആര്‍.ടിയുടെ റിപ്പോര്‍ട്ട്. നാലാം ക്ലാസിലെ 47% പേര്‍ മലയാളത്തിന്റെ കാര്യത്തില്‍ പിന്നിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ചു ശതമാനം പേര്‍ക്ക് മലയാള അക്ഷരങ്ങള്‍ എഴുതാന്‍ അറിയില്ല. 2.5% പേര്‍ക്ക് ഇംഗ്ലീഷ് അക്ഷരങ്ങളുമറിയില്ല. നാലാം ക്ലാസിലെ 47.52% പേര്‍ മലയാളത്തില്‍ പിന്നിലായപ്പോള്‍ ഏഴാം ക്‌ളാസിലെ അഞ്ചു ശതമാനം പേര്‍ക്കാണ് മലയാളം അറിയാത്തത്. നാലാം ക്ലാസിലെ 25 ശതമാനം പേര്‍ ഇംഗ്ലീഷ് ഭാഷ വശമില്ലാത്തവരാണ്, ഏഴാം ക്ലാസില്‍ ഇത് 30 ശതമാനമാണ്.

ഗണിതശാസ്ത്രത്തിലും അടിസ്ഥാന ശാസ്ത്രത്തിലും വിദ്യാര്‍ത്ഥികള്‍ വളരെ പിന്നിലാണ്. 10.88 ശതമാനം പേര്‍ ഗണിതശാസ്ത്രത്തില്‍ അടിസ്ഥാനവിവരം പോലുമില്ലാത്തവരാണ്. അടിസ്ഥാന ശാസ്ത്രത്തില്‍ 85 ശതമാനം വിദ്യാര്‍ത്ഥികളും വളരെ പിന്നിലാണ്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍ക്കോട് എന്നീ ജില്ലകളിലെ 4,7 ക്ലാസുകളിലെ രണ്ടായിരത്തോളം കുട്ടികളിലാണ് പഠനം നടത്തിയത്. ഈ ക്ലാസുകളില്‍ ഭാഷാ പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ധ്യാപര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പരിശീലനം നല്‍കുകയും വേണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

Top