യാങ്കൂണ്‍: പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി മ്യാന്‍മര്‍ ഏഴായിരത്തോളം തടവുകാരെ വിട്ടയച്ചു. 210 വിദേശികളടക്കം 6,966 തടവുകാരെയാണ് വിട്ടയച്ചത്. ഈ വര്‍ഷം നവംബറിലാണ് പൊതു തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിനു മുന്നോടിയായി മാനുഷിക പരിഗണന നല്‍കിയാണ് പ്രസിഡന്റ് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന് ഇന്‍ഫോര്‍മേഷന്‍ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, മോചിതരായവരില്‍ ബര്‍മ്മീസ് രാഷ്ട്രീയ തടവുകാരുമുണ്ടോയെന്ന് വ്യക്തമല്ല. എന്നാല്‍ എട്ട് മുന്‍ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മോചിതരായിട്ടുണ്ട്. 2004 മുതല്‍ ഇവര്‍ ജയിലിലായിരുന്നു.
വിട്ടയച്ച വിദേശികളില്‍ 150 ചൈനീസ് തടവുകാരും ഉള്‍പ്പെടും. 2010ലെ തെരഞ്ഞെടുപ്പിലൂടെയാണ് പ്രസിഡന്റ് തെയ് സെന്‍ അധികാരത്തിലെത്തിയത്. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്ന് തെയ് സെന്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. പരിഷ്‌കരണ നടപടിയുടെ ഭാഗമായി ഒട്ടുമിക്ക രാഷ്ട്രീയ തടവുകാരും ഇതിനകം പുറത്തിറങ്ങി. എന്നാല്‍ 150 ഓളം രാഷ്ട്രീയ തടവുകാര്‍ ഇപ്പോഴും തടവറയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വിമോചന നായിക ഓങ് സാന്‍ സു കി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൂ കിയുടെ മുന്നണി ഭൂരിപക്ഷം നേടുമെന്നാണ് സൂചന.