പൊറാട്ട് നാടകം അവസാനിപ്പിച്ച് മാണിക്കൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണം: വി.എസ്

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാണിക്കൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.

മാണിയോട് രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. മുഖ്യമന്ത്രി മാണിയോട് രാജി ആവശ്യപ്പെടാത്തത് ബാര്‍കോഴക്കേസില്‍ മുഖ്യമന്ത്രിക്കെതിരായ തെളിവ് മാണി പുറത്ത് വിടുമെന്ന് പേടിച്ചാണ്.

വിജിലന്‍സ് എസ്.പി സുകേശന്‍ മുന്‍പാകെ ബാര്‍ ഉടമകള്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാണിയെ ബാറുടമകള്‍ കണ്ടത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഭയന്നാണ് മാണിയോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാത്തതെന്നും വി.എസ് പറഞ്ഞു.

പരസ്പരമുള്ള ബ്ലാക്ക് മെയിലിംഗും രാജിയെന്ന പൊറാട്ട് നാടകവും അവസാനിപ്പിച്ച് മാണിക്കൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

പാമോയില്‍ കേസില്‍ താന്‍ രാജിവച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നു ചോദിച്ച മുഖ്യമന്ത്രിയില്‍ നിന്ന് കേരള ജനതക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ല. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണു കിടക്കുന്ന മുന്നണിയില്‍ നിന്ന് ജനതാദളും ആര്‍എസ്പിയും പുറത്തുവരണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

Top