പാലക്കാട്: കസ്റ്റഡിയിലായിരുന്ന സമയത്ത് പൊലീസുകാര്‍ മോശമായാണ് പെരുമാറിയതെന്നും മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നും മാവോയിസ്റ്റ് നേതാവ് ഷൈന. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ക്രൂരമായ രീതിയിലാണ് പൊലീസിന്റെ പെരുമാറ്റമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ സിംകാര്‍ഡ് കേസില്‍ പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഷൈന ഇക്കാര്യം പറഞ്ഞത്.
കോടതിയില്‍ ഹാജരാക്കിയ ഷൈനയെ പാലക്കാട് പ്രത്യേക ജയിലിലേക്ക് വിട്ടു. പത്തുദിവസം വീതം കേരളാ, തമിഴ്‌നാട് പൊലീസുകാരുടെ കസ്റ്റഡിയില്‍ തന്നെ ചോദ്യം ചെയ്തിരുവെന്നും അതിലധികമായി ഒന്നും പറയാനില്ലാത്തതിനാല്‍ ഇനിയൊരു കസ്റ്റഡി അനാവശ്യമാണെന്നും ഷൈന കോടതിയില്‍ പറഞ്ഞു.
സിം കേസില്‍ ചിറ്റൂര്‍ സ്വദേശിയുടെ പരാതിയിലാണ് പാലക്കാട് സൗത്ത് പോലീസ് കേസെടുത്തത്. കോയമ്പത്തൂരിനടുത്ത് കരുമത്താം പെട്ടിയില്‍ വെച്ച് ഷൈനയടക്കമുളള അഞ്ചു മാവോയിസ്റ്റുകളെ പിടികൂടുമ്പോള്‍ ഇയാളുടെ പേരിലുള്ള സിംകാര്‍ഡ് പൊലീസ് കണ്ടെടുത്തിരുന്നു. മേയ് നാലിനാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഭാര്യ ഷൈനയെയും മറ്റ് മൂന്നുപേരെയും തമിഴ്‌നാട് ക്യൂബ്രാഞ്ച് പോലീസ് പിടികൂടിയത്.