ലോക്‌നാഥ് ബഹ്‌റയും ജേക്കബ് തോമസും ഋഷിരാജ് സിംഗും ഡിജിപിമാരാകും

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഭരണ വിഭാഗം എഡിജിപി ലോക്‌നാഥ് ബഹ്‌റയും വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജേക്കബ് തോമസും ഡിജിപിമാരാകും.

എം.എന്‍ കൃഷ്ണമൂര്‍ത്തിയുടെയും പി.ചന്ദ്രശേഖരന്റെയും ഒഴിവിലാണ് ഈ സ്ഥാനക്കയറ്റം.

കൃഷ്ണമൂര്‍ത്തി കഴിഞ്ഞ മാസം 28നാണ് വിരമിച്ചത്. ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് ചെയര്‍മാന്‍ ആകുന്നതിന് വേണ്ടി റിട്ടയര്‍മെന്റ് കാലാവധിക്ക് മുമ്പ് തന്നെ ഫയര്‍ഫോഴ്‌സ് മേധാവി ചന്ദ്രശേഖരന്‍ രാജിവയ്ക്കുകയായിരുന്നു.

സംസ്ഥാനത്ത് നിലവില്‍ ആകെ ഏഴു ഡിജിപിമാരാണുള്ളത്. സംസ്ഥാന പൊലീസ് മേധാവി കൂടിയായ ബാലസുബ്രഹ്മണ്യം, കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡി അലക്‌സാണ്ടര്‍ ജേക്കബ്, ജയില്‍ മേധാവി ടി.പി സെന്‍കുമാര്‍, വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ എന്നിവരും ഇപ്പോള്‍ ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ പോയ മഹേഷ് കുമാര്‍ സിംഗ്ലയുമാണ് മറ്റുള്ളവര്‍.

ഇതില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെയും കൃഷ്ണമൂര്‍ത്തിയുടെയും ഡിജിപി തസ്തിക കേന്ദ്രം അംഗീകരിക്കാത്തതിനാല്‍ 1985 ബാച്ച്കാരായ ഈ ഐപിഎസ് ഓഫീസര്‍മാരുടെ പ്രമോഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവേചന അധികാരമുപയോഗിച്ചാണ് നല്‍കിയിരുന്നത്.

ഹരിയാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 1985 ബാച്ചിലെ ഐപിഎസ്‌കാര്‍ക്ക് ഡിജിപി തസ്തികയില്‍ നിയമനം നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഡിജിപി പ്രമോഷന്‍ ലഭിച്ചെങ്കിലും എഡിജിപിമാരുടെ ശമ്പളമായിരുന്നു കേന്ദ്രം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വിന്‍സന്‍ എം പോളിനും കൃഷ്ണമൂര്‍ത്തിക്കും നല്‍കിയിരുന്നത്.

ചന്ദ്രശേഖരന്റെ ഒഴിവോടെ ഈ ‘തടസമാണ്’ ഇപ്പോള്‍ മാറിയത്. ഇനി വിന്‍സന്‍ എം പോളിനും കേന്ദ്ര അംഗീകാരത്തോടെയുള്ള ആനുകൂല്യം ലഭ്യമാകും.

ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടറായ മഹേഷ് കുമാര്‍ സിംഗ്ല സംസ്ഥാന കേഡറിലേക്ക് തിരിച്ച് വരുന്നില്ലെങ്കില്‍ ഋഷിരാജ് സിംഗിന് ഡിജിപി ആയി നിയമനം നല്‍കും.

ഇതു സംബന്ധമായ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

ഡിജിപി തസ്തികയില്‍ നിയമനം ലഭിക്കുന്ന ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവി ആയും ലോക്‌നാഥ് ബഹ്‌റയെ പൊലീസ് ആസ്ഥാനത്ത് ഭരണ വിഭാഗത്തില്‍ തുടരാനും അനുവദിക്കാനാണ് സാധ്യത.

അതേസമയം, പൊലീസ് ആസ്ഥാനത്ത് രണ്ട് ഡിജിപിമാരെ നിയമിച്ചത് സംബന്ധിച്ച് ‘ വിവാദ ഫോണ്‍ കോള്‍’ സംബന്ധമായി വിമര്‍ശനമുയര്‍ന്നതിനാല്‍ വീണ്ടും അത്തരമൊരു പരീക്ഷണത്തിന് സര്‍ക്കാര്‍ മുതിരുമോ എന്നതും സംശയമാണ്.

ഡിജിപി ബാലസുബ്രഹ്മണ്യത്തിനു വേണ്ടി തൃശൂര്‍ ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ ഭരണ വിഭാഗം ഡിജിപി കൃഷ്ണമൂര്‍ത്തി ഇടപെട്ടെന്ന ഫോണ്‍ സംഭാഷണം വന്‍ വിവാദത്തിനാണ് തിരി കൊളുത്തിയിരുന്നത്.

ഇതു സംബന്ധമായി തൃശൂര്‍ മുന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബുമായി കൃഷ്ണമൂര്‍ത്തി സംസാരിക്കുന്നതിന്റെ ശബ്ദ രേഖ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജാണ് പുറത്തു വിട്ടത്.

Top