പൊലീസ് നിരീക്ഷണത്തില്‍ മനം മടുത്ത് ഘടകകക്ഷികള്‍; നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ മണത്തറിയാന്‍ ഘടകകക്ഷികളായ ആര്‍.എസ്.പിയെയും ജനതാദള്‍ യുണൈറ്റഡിനെയും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചെന്ന യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുന്നു. യു.ഡി.എഫ് കണ്‍വീനറുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.പിയും ജനതാദളും രംഗത്തെത്തിയിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വവുമായി അതൃപ്തിയിലായ ആര്‍.എസ്.പിയും ജനതാദളും മുന്നണി വിടാന്‍ മതിയായ കാരണം കാത്തിരിക്കുകയായിരുന്നു.

മൂന്നു ദിവസം കൊണ്ട് 34 വര്‍ഷത്തെ ഇടതുബന്ധം ഉപേക്ഷിച്ചതെങ്കില്‍ യു.ഡി.എഫ് വിടാന്‍ മൂന്നു മണിക്കൂര്‍ മതിയെന്നാണ് ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ടി.ജെ ചന്ദ്രചൂഡന്‍ വ്യക്തമാക്കിയത്.

പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.പി വീരേന്ദ്രകുമാര്‍ പരാജയപ്പെട്ടതുമുതല്‍ ജനതാദളും കോണ്‍ഗ്രസും തമ്മില്‍ സ്വരചേര്‍ച്ചയില്ല. കോണ്‍ഗ്രസുകാര്‍ വീരേന്ദ്രകുമാറിനെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചെന്ന് യു.ഡി.എഫ് അന്വേഷണ കമ്മിറ്റിയും കണ്ടെത്തിയിരുന്നു. ദേശീയ തലത്തില്‍ പഴയ ജനതാപാര്‍ട്ടിയിലുള്ളവര്‍ ഒന്നിച്ച് ജനതാപരിവാര്‍ എന്ന ഒറ്റ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുലായംസിങ് യാദവും നിധീഷ്‌കുമാറും ലാലുപ്രസാദ് യാദവും ദേവഗൗഡയും അടക്കമുള്ള ഈ ജനതാപരിവാറിലാണ് എം.പി വീരേന്ദ്രകുമാറും.

വിശാഖപട്ടണത്തു നടന്നുകൊണ്ടിരിക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ അടവുനയത്തില്‍ കേരളത്തില്‍ മുന്നണി വിട്ട ഘടകകക്ഷികളെ തിരികെ കൊണ്ടുവരാനുള്ള തീരുമാനവുമുണ്ട്. ആര്‍.എസ്.പിയും ജനതാദളും ഇടതുമുന്നണിയിലേക്കു പോയാല്‍ കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വീഴും. ഇടതുപക്ഷത്തിന് പാര്‍ലമെന്റില്‍ ഒരു എം.പി വര്‍ധിക്കുകയും ചെയ്യും. യു.ഡി.എഫ് പിന്തുണയോടെ കൊല്ലത്ത് ജയിച്ച എന്‍.കെ പ്രേമചന്ദ്രന്‍ ഇടതുപക്ഷത്തേക്ക് മാറിയാല്‍ കോണ്‍ഗ്രസിന് അത് കനത്ത തിരിച്ചടിയുമാകും.

മന്ത്രിമാരും എം.എല്‍.എമാരും പ്രമുഖ നേതാക്കളുമടക്കം ഘടകകക്ഷികളിലെ നേതാക്കളെ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിച്ചതായും അവരുടെ ഫോണ്‍ ചോര്‍ത്തിയെന്നുമാണ് പുറത്തുവരുന്ന വിവരം. അഞ്ച് എം.എല്‍.എമാരെ അടര്‍ത്തിമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നുവെന്ന ഭീതിയാണ് ഘടകകക്ഷികളെ നിരീക്ഷിക്കുന്നതിലേക്ക് നയിച്ചത്. മന്ത്രി കെ.എം. മാണിക്ക് എല്‍.ഡി.എഫ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നതടക്കമുള്ള വിവരങ്ങള്‍ ഫോണ്‍ ചോര്‍ത്തലിലൂടെയാണ് പുറത്തായതെന്നും അറിയുന്നു.

സര്‍ക്കാരിനെതിരായ അട്ടിമറി നീക്കങ്ങള്‍ അറിയാന്‍ ഇത്തരം നടപടികള്‍ വേണ്ടിവരുമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് രൂപീകരിച്ചത് ഇതിനു വേണ്ടിയാണെന്നുമാണ് തങ്കച്ചന്‍ പറഞ്ഞത്. പക്ഷേ വിവാദമായതോടെ തന്റെ പ്രസ്താവന ദുരുപയോഗം ചെയ്തതാണെന്ന വിശദീകരണവുമായി തങ്കച്ചന്‍ രംഗത്തെത്തി.

യു.ഡി.എഫില്‍ നിന്നു ചില കക്ഷികള്‍ വിട്ടുപോകുമെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ ഘടകകക്ഷികളെ മെരുക്കാനുള്ള തിരക്കിട്ട ശ്രമം മുഖ്യമന്ത്രി ആരംഭിച്ചിട്ടുണ്ട്. ആര്‍.എസ്.പിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കി അനുനയിപ്പിക്കാനും വീരേന്ദ്രകുമാറിന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റു നല്‍കാമെന്നുമാണ് വാഗ്ദാനം. എന്നാല്‍ ഇതു ഘടകകക്ഷികള്‍ വിശ്വാസത്തിലെടുക്കുമോ എന്നതു കണ്ടറിയണം.

Top