ജര്‍മന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ പുതിയ പരിമിതകാല പതിപ്പായ ‘918 സ്പൈഡര്‍ സൂപ്പര്‍കാറിന്റെ വില്‍പ്പന പൂര്‍ത്തിയായതായി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ മത്തിയാസ് മ്യുള്ളര്‍ അറിയിച്ചു.
8.45 ലക്ഷം ഡോളര്‍(ഏകദേശം 5.35 കോടി രൂപ) വിലയോടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് റേസര്‍ വിഭാഗത്തില്‍പെട്ട 918 കാറുകള്‍ മാത്രമാണു ഫോക്സ്വാഗന് ഗ്രൂപ്പില്‍പെട്ട പോര്‍ഷെ വില്‍പ്പനയ്ക്കെത്തിച്ചിരുന്നത്. കാറുകളുടെയും ബ്രാന്ഡിന്റെയും വേറിട്ട വ്യക്തിത്വം നിലനിര്‍ത്താനാണു വില്‍പ്പന 918 കാറുകളായി പരിമിതപ്പെടുത്തുന്നതെന്നും പോര്‍ഷെ നേരത്തെ അറിയിച്ചിരുന്നു.
ഇതില്‍ 297 കാറുകള്‍ വാങ്ങി യു.എസില്‍ നിന്നുള്ള ഉപയോക്താക്കളാണു പട്ടികയില്‍ മുന്നില്‍. ജര്‍മനിയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണ് 100 വീതം ‘918 സ്പൈഡര്‍ സൂപ്പര്‍കാറുകളുടെ ഉടമസ്ഥര്‍. കഴിഞ്ഞ ജൂണിലാണു പോര്‍ഷെ ‘918 സ്പൈഡര്‍ വില്‍പ്പനയ്ക്കു തുടക്കമിട്ടത്.
പ്രകടനക്ഷമതയ്ക്കു പുതിയ മാനം നല്കുന്ന കാറിനു നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും 2.5 സെക്കന്‍ഡ് മതി. പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ളതിനാല്‍ ഓരോ ഗ്യാലന്(3.79 ലീറ്റര്‍) ഗ്യാസൊലിനിലും 67 മൈല്‍(107.83 കിലോമീറ്റര്‍) ഓടാനും ‘918 സ്പൈഡറിനു കഴിയും. ഇതോടെ സങ്കര ഇന്ധന വിഭാഗത്തില്‍ ടൊയോട്ട ‘പ്രയസ് കൈവരിച്ച 51 മൈല്‍/ഗ്യാലന്(3.79 ലീറ്ററില്‍ 82.08 കിലോമീറ്റര്‍) ഇന്ധനക്ഷമതയും പിന്നിലായി.