പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് റുപേ ഡെബിറ്റ് കാര്‍ഡ് നല്‍കുന്നു

ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് തപാല്‍വകുപ്പ് റുപേ ഡെബിറ്റ് കാര്‍ഡ് നല്‍കുന്നു. മൂന്ന് വര്‍ഷം കൊണ്ടാണ് ഡെബിറ്റ് കാര്‍ഡ് വിതരണം പൂര്‍ത്തിയാവുക. രാജ്യത്ത് 10 കോടിയോളം പേര്‍ക്ക് നിലവില്‍ പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് ഉണ്ട്. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെമ്പാടും എ.ടി.എമ്മുകള്‍ സ്ഥാപിക്കാന്‍ തപാല്‍വകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ 1.5 കോടി സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് കാര്‍ഡ് നല്‍കാന്‍ 30 കോടി രൂപയുടെ കരാറിലൊപ്പിട്ടു. പുതുതായി നല്‍കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ ആദ്യഘട്ടത്തില്‍ തപാല്‍ വകുപ്പിന്റെ എ.ടി.എമ്മുകളിലേ ഉപയോഗിക്കാനാവൂ. എന്നാല്‍ പിന്നീടിത് ‘റുപേ’ സൗകര്യമുള്ള മറ്റ് എ.ടി.എമ്മുകളിലും ഉപയോഗിക്കാനാവും.

സി.എം.എസ്. ഇന്‍ഫോ സിസ്റ്റം എന്ന കമ്പനിയുമായി സഹകരിച്ചാണ് തപാല്‍ വകുപ്പ് ‘റുപേ’ ഡെബിറ്റ് കാര്‍ഡ് നല്‍കാന്‍ ഒരുങ്ങുന്നത്.

Top