ചെന്നൈ: പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മില്‍ പ്രണയിച്ച് വിവാഹം ചെയ്യുന്നതില്‍ ഇടപെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും അവരുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. വ്യക്തി സ്വാതന്ത്ര്യം ഓരോ മനുഷ്യനും ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്നും കോടതി പറഞ്ഞു.
രക്ഷിതാക്കളുടെ അനുമതിയില്ലാതെ പ്രണയവിവാഹങ്ങള്‍ തടയണമെന്നുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഈ പരാമര്‍ശം. ഇത്തരമൊരു നിര്‍ദേശം പുതിയ നിയമം ഉണ്ടാക്കുന്നതിന് തുല്യമാണെന്നും നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഹര്‍ജിക്കാരന്റെ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കുവാന്‍ കഴിയുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
രക്ഷിതാക്കളുടെ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ ദുരഭിമാനകൊലയ്ക്ക് കാരണമാകുന്നു എന്ന് കാണിച്ച് കെ രമേശ് എന്നയാള്‍ നല്കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിവാഹങ്ങള്‍ നടത്തുന്നതിനെ തടയണമെന്ന് രജിസ്ട്രേഷന്, പോലീസ് വകുപ്പുകള്‍ക്കും ക്ഷേത്ര ഭരണസമിതികള്‍ക്കും നിര്‍ദേശം നലകണമെന്നായിരുന്നു ആവശ്യം. സമൂഹത്തില്‍ ദുരഭിമാനക്കൊല, ജാതി സംഘര്‍ഷങ്ങള്‍, ആത്മഹത്യ എന്നിവ കൂടിവരുന്നത് പ്രണയ വിവാഹങ്ങള്‍ കാരണമാണെന്നും ഹര്ജിക്കാരന് വാദിച്ചു.