തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിക്കുന്നത് നാഥനില്ലാത്ത ആരോപണങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നലെ പുറത്ത് വന്ന ശബ്ദരേഖയില്‍ മന്ത്രിമാര്‍ ആരും സംസാരിക്കുന്ന ഭാഗമില്ല. നിഷിപ്ത താല്‍പര്യക്കാര്‍ തമ്മിലുള്ള സംഭാഷണം മാത്രമാണ് ശബ്ദരേഖയിലുള്ളത്. പരിഗണനാര്‍ഹമായതൊന്നും ശബ്ദരേഖയില്‍ ഇല്ലെന്നും മുഖ്യമന്ത്രി.
മൂന്ന് മന്ത്രിമാര്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ പൂര്‍ണമായും തള്ളിക്കളയുന്നു. ഇത്തരം ആരോപണങ്ങള്‍ കൊണ്ടൊന്നും മന്ത്രിമാരുടെ പ്രതിച്ഛായ പോകില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതിന്റെ നഷ്ടം പ്രതിപക്ഷത്തിനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം കഴമ്പില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ബാര്‍ പൂട്ടിയതിന്റെ പകയാണ് ആരോപണം എന്ന് സംശയിക്കാം. ബാര്‍ കോഴ ആരോപണങ്ങള്‍ വ്യക്തമായി എഴുതി നല്‍കാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു.
മൂന്ന് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന കോഴയാരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയിരുന്നു. കോഴ വാങ്ങിയ മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മാണിക്കെതിരെ നിയമസഭയില്‍ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം എത്തിയത്. കെ.എം മാണി തന്നെ ബഡ്ജറ്റ് അവതരിപ്പിക്കുമെന്നും മാണിയെ മാറ്റുന്ന പ്രശ്‌നമേയില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.