പ്രതിപക്ഷ എംഎല്‍എമാരും നിയമസഭയില്‍ തങ്ങും

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷവും നിയമസഭയില്‍ തങ്ങും. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമെന്നതിനാല്‍ മാണി നിയമസഭയില്‍ തങ്ങുമെന്ന റിപ്പോര്‍ട്ട് നേരത്തേ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷവും നിയമസഭയില്‍ തങ്ങാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം, സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷം വ്യാഴാഴ്ച നിയമസഭ ഉച്ചയോടെ പിരിഞ്ഞു. മൂന്ന് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴയാരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നും പി. തിലോത്തമന്‍ എംഎല്‍എ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി. കോഴ വാങ്ങിയ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി.

മന്ത്രിമാര്‍ക്കെതിരായ പുതിയ ആരോപണങ്ങള്‍ നാഥനില്ലാത്തതാണ്. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ സംസാരിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ശ്ബദരേഖയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് സഭ ഒരു തവണ നിര്‍ത്തിവെക്കേണ്ടിയും വന്നു.

Top