സിപിഎം നേതൃത്വത്തില്‍ വിള്ളലുണ്ടാക്കാന്‍ വി.എസിന്റെ നീക്കം

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കാന്‍ വി.എസിന്റെ തന്ത്രപരമായ നീക്കം. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ കേന്ദ്രനേതൃത്വത്തില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതും താന്‍ തെറ്റു ചെയ്തു എന്ന് പ്രകാശ് കാരാട്ട് സമ്മേളന വേദിയില്‍ പ്രസംഗിച്ചതുമാണ് വിഎസിനെ ചൊടിപ്പിച്ചത്.പ്രതിപക്ഷ നേതൃസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെയ്ക്കാനും അതുവഴി സിപിഎം ഔദ്യോഗിക ചേരിയില്‍ വിള്ളലുണ്ടാക്കാനുമാണ് വി.എസിന്റെ നീക്കം. കോടിയേരി പാര്‍ട്ടി സെക്രട്ടറിയായാല്‍ പ്രതിപക്ഷ നേതൃസ്ഥാനം കൂടി വഹിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് തന്ത്രശാലിയായ വി.എസിന് അറിയാം.

അങ്ങനെ വന്നാല്‍ എം.എല്‍.എമാരായ എം.എ ബേബിയോ ഇ.പി ജയരാജനോ പ്രതിപക്ഷ നേതാവാകേണ്ടി വരും. പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയും പാര്‍ട്ടി സെക്രട്ടറിയായ കോടിയേരിയും ഇരിക്കുന്ന സഭയില്‍ ഇ.പി ജയരാജനെ പ്രതിപക്ഷ നേതാവായി എത്ര ഔദ്യോഗിക വിഭാഗം നേതാക്കള്‍ അംഗീകരിക്കുമെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വരാനുള്ള സാധ്യതയും വി.എസ് മുന്നില്‍ കാണുന്നുണ്ട്.

ഇനി എം.എ ബേബിയെ പ്രതിപക്ഷ നേതാവാക്കിയാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ എം.എ ബേബി രംഗത്ത് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഈ അപകടം മുന്നില്‍ കണ്ട് പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്ന കോടിയേരി ബാലകൃഷ്ണനെ രാജി വയ്പ്പിച്ച് തലശേരിയില്‍ നിന്ന് പിണറായിയെ മത്സരിപ്പിക്കാനാണ് കടുത്ത പിണറായി പക്ഷക്കാരുടെ നീക്കം. അതുവരെ താല്‍ക്കാലികമായി ആര്‍ക്കെങ്കിലും പ്രതിപക്ഷ നേതാവിന്റെ ചുമതല നല്‍കുക എന്ന രീതിയും അവലംബിച്ചേക്കും.

എം.എല്‍.എ സ്ഥാനം വി.എസ് രാജി വയ്ക്കുന്നതോടെ മലമ്പുഴയില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും. ഇത് സിപിഎമ്മിന്റെ ചങ്കിടിപ്പ് കൂട്ടുന്നതാണ്. ഇത്തരമൊരു സാഹചര്യമൊഴിവാക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി അണികള്‍.

പ്രതിപക്ഷ നേതാവിനായുള്ള നീക്കങ്ങള്‍ സിപിഎം ഔദ്യോഗിക ചേരിയില്‍ ഭിന്നത ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് വി.എസ് അനുകൂലികള്‍. മാത്രമല്ല, അത്തരമൊരു സാഹചര്യത്തെ നേരിടാന്‍ തലശേരിയില്‍ പിണറായി മത്സരിക്കാന്‍ തയ്യാറായാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും അവര്‍ രഹസ്യമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വി.എസ് സിപിഎമ്മില്‍ നിന്ന് വിട്ട് പോകുന്ന രാഷ്ട്രീയസാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് പിണറായിക്ക് ഏറെ ശ്രമകരമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം.

സിപിഎം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി വി.എസിന് മാത്രമല്ല പിണറായിക്കും ഏറെ നിര്‍ണായകമാവുകയാണ്.

Top