പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി വിജയ്‌യുടെ പുലി

തമിഴ് സിനിമാലോകം ഉറ്റുനോക്കുന്നത് വിജയ്‌യുടെ പുലി അടുത്ത ബാഹുബലിയാകുമോ എന്നാണ്. കാരണം ഫാന്റസി കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ ചിമ്പുദേവന്‍ അണിയിച്ചൊരുക്കിയ പുലിയുടെ ട്രെയിലര്‍ കുറഞ്ഞദിവസം കൊണ്ടുണ്ടാക്കിയ ഹിറ്റുകള്‍ അത്രയേറെ പ്രതീക്ഷകളാണ് തരുന്നത്.

വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 17നാണ് പുലിയുടെ റിലീസ്. തൊണ്ണൂറുകോടി മുതല്‍മുടക്കില്‍ നിര്‍മാണം പൂര്‍ത്തിയായ ചിത്രത്തിലെ ഒരു ഗാനരംഗത്തിന് മാത്രം അഞ്ചുകോടി രൂപയാണ് ചെലവാക്കിയിരിക്കുന്നത്.

കത്തിക്കുശേഷം വിജയ് ഡബിള്‍റോളില്‍ എത്തുന്ന പുലി പന്ത്രണ്ട് ദിവസം കൊണ്ട് കത്തി നേടിയ 100 കോടി എന്ന റെക്കോഡ് കളക്ഷന്‍ എത്ര ദിവസം കൊണ്ട് മറികടക്കും എന്നതും സിനിമാലോകം ഉറ്റുനോക്കുന്ന കാര്യമാണ്.

2014 നവംബറില്‍ ഷൂട്ടിങ്ങ് ആരംഭിച്ച പുലി വിജയിയുടെ അന്‍പത്തിയെട്ടാമത് ചിത്രം കൂടിയാണ്. എസ്‌കെടി കമ്പയിന്‍സിന്റെ ബാനറില്‍ ഷിബു തമാന്‍സും, പിടി ശെല്‍വകുമാറും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ ശ്രുതി ഹാസന്‍, ഹന്‍സിക മോട്വാനി എന്നിവരാണ് നായികമാര്‍.തായ്‌ലന്‍ഡില്‍ നിന്നുളള സ്റ്റണ്ട് കൊറിയോഗ്രാഫര്‍ യോങ് ആണ് പുലിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഭാഷാതീതമായ സ്വീകാര്യത എന്ന മാനദണ്ഡം മുന്‍നിര്‍ത്തി ഒരുക്കുന്ന സിനിമയായത് കൊണ്ട് തന്നെ ബാഹുബലിയോളം പോന്ന സ്വീകാര്യത പുലിക്ക് ലഭിക്കും എന്നാണ് വിജയ് ആരാധകര്‍ പ്രതീക്ഷിക്കുന്നതും.

നേരത്തെ ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുളള ചിത്രമെന്ന അവകാശവാദവുമായി രംഗത്തെത്തിയ ബാഹുബലി രാജ്യത്തിനകത്തും പുറത്തുമായി 4000ത്തിലേറെ തിയറ്റേറുകളില്‍ റിലീസ് ചെയ്യുകയും 550 കോടിയിലേറെ കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളിലായി എസ്.എസ്. രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലിയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം അടുത്തമാസം നടക്കാനിരിക്കെയാണ് അടുത്ത ബാഹുബലിയാകാന്‍ പുലിയും എത്തുന്നതെന്നത് കൗതുകമാണ്.

Top