പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ഇത്തവണയും കേരളത്തിന് കിട്ടിയില്ല

ന്യൂഡല്‍ഹി: പ്രതീക്ഷയോടെ കാത്തിരുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കേരളത്തിന് ഇപ്രാവശ്യവും നഷ്ടമായി. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് എയിംസ് മാതൃകയില്‍ ആശുപത്രി അനുവദിച്ചത്. ജമ്മു കാശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് എയിംസ് അനുവദിച്ചിരിക്കുന്നത്. കര്‍ണാടകയ്ക്ക് ഐഐടി. ജമ്മു കാഷ്മീരിനും ആന്ധ്രാപ്രദേശിനും ഐഐഎമ്മും അനുവദിച്ചു.

തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്(നിഷ്) സര്‍വകലാശാലയാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

എയിംസ് മാതൃകയിലുള്ള ആശുപത്രി കേരളത്തില്‍ സ്ഥാപിക്കാന്‍ സന്നദ്ധമാണെന്ന് മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് 200 ഏക്കര്‍ ഭൂമിയായിരുന്നു വേണ്ടിയിരുന്നത്. ഇതിനായി കോഴിക്കോട് കിനാലൂരില്‍ കെഎസ്‌ഐഡിസിയുടെ ഭൂമി, തിരുവനന്തപുരം നെയ്യാറ്റിന്‍കര നെട്ടുകാല്‍ത്തേരിയില്‍ തുറന്ന ജയിലിനോട് ചേര്‍ന്നുള്ള ഭൂമി, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ ഭൂമി, എറണാകുളത്ത് എച്ച്എംടിയുടെ ഭൂമി എന്നിവ സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. ബജറ്റില്‍ എയിംസിനായുള്ള പച്ചക്കൊടി ഉയരുമെന്ന കണക്കുകൂട്ടലിലായിരുന്നു കേരളം.

Top