ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ‘ഇന്ത്യ എ’ ടീം മത്സരത്തില്‍ ഇറങ്ങുന്നു. 29ന് ചെന്നൈയില്‍ ഓസ്‌ട്രേലിയ എയ്ക്ക് എതിരായി നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ കോലി ‘ഇന്ത്യ എ’യ്ക്കായി കളത്തിലിറങ്ങും.
എ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന കോഹ്‌ലിയുടെ തന്നെ അപേക്ഷപ്രകാരമാണ് ഇന്ത്യന്‍ ക്യാപ്റ്റനെ ടീമില്‍ എടുത്തിരിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു. ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി മത്സര പരിചയം നേടുന്നതിനാണ് കോഹ്‌ലി എ ടീമില്‍ കളിക്കാന്‍ അവസരം ചോദിച്ചത്.
ടീം ഇന്ത്യയുടെ സിംബാബ്‌വെയ്ക്ക് എതിരായ പരമ്പരയില്‍ കോഹ്‌ലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ കളിച്ചിരുന്നില്ല. ചെന്നൈയില്‍ ശ്രീലങ്കയിലേതിന് സമാനമായ സാഹചര്യമാണ് എന്നുള്ളതും ഇന്ത്യന്‍ ക്യാപ്റ്റനെ എ ടീമില്‍ കളിക്കാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്‌ട്രേലിയ എ ടീമിനെതിരെ ഇപ്പോള്‍ നടക്കുന്ന മത്സരത്തില്‍ ചേതേശ്വര്‍ പൂജാരയും ലോകേഷ് രാഹുലും ഉള്‍പ്പെടെയുള്ളവര്‍ കളിക്കുന്നുണ്ട്.