തമിഴ് താരം നാസര്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. പ്രദീപ് മുല്ലനേഴി സംവിധാനം ചെയ്യുന്ന നമുക്കൊരേ ആകാശം എന്ന ചിത്രത്തിലൂടെയാണ് നാസര്‍ വീണ്ടും മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രത്തില്‍ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെയാകും നാസര്‍ അവതരിപ്പിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷമാണ് നാസര്‍ മലയാളത്തിലേക്കെത്തുന്നത്.
ജോയ് മാത്യുവും ബംഗാളി താരം ശര്‍ബാനി മുഖര്‍ജിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂഫി പറഞ്ഞ കഥ, രാക്കിളിപ്പാട്ട്, ആത്മകഥ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ എത്തുകയാണ് ശര്‍ബാനി മുഖര്‍ജി. ജോയ് മാത്യുവിന്റെ മകനായ മാത്യു ജോയ് മാത്യുവും ഇര്‍ഷാദും ചിത്രത്തില്‍ മറ്റ് പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇതൊരു കുടുംബ ചിത്രമായിരിക്കുമെന്നും സ്‌നേഹത്തിന് മതപരിമിതികള്‍ ഇല്ലെന്ന സന്ദേശം നല്‍കുന്നുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി. ജോയുടെയും ശര്‍ബാനിയുടെയും ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങളിലെ ജീവിതമാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് സംവിധായകന്‍ പ്രദീപ് തന്നെയാണ്. ഇ. സന്തോഷ് കുമാറിന്റെ കണ്ണുകള്‍ നക്ഷത്രങ്ങള്‍ എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.