പ്രീജാ ശ്രീധരന്‍ വിരമിക്കുന്നു

തിരുവനന്തപുരം: ഒളിമ്പ്യന്‍ പ്രീജാ ശ്രീധരന്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നു. അടുത്തവര്‍ഷം കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിനുശേഷം കായിക രംഗത്തോട് വിടപറയുമെന്ന് പ്രീജ അറിയിച്ചു.

2010ല്‍ ചൈനയിലെ ഗ്വാങ്ഷൂവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 10,000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും 5000 മീറ്ററില്‍ വെള്ളിയും നേടിയതാണ് പ്രീജയുടെ പ്രധാന നേട്ടം. 2006ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 5,000 , 10,000 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ അഞ്ചാം സ്ഥാനത്തത്തെിയിരുന്നു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 5000 മീറ്റില്‍ പ്രീജ എട്ടാമതായാണ് ഫിനിഷ് ചെയ്തത്.

ഏഷ്യന്‍ ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ്, ഇന്റര്‍യൂണിവേഴ്‌സിറ്റി മീറ്റ്, സാഫ്‌ഗെയിംസ് എന്നിവയില്‍ സ്വര്‍ണം ഉള്‍പ്പെടെ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ പ്രീജ കൈവരിച്ചിട്ടുണ്ട്. 31 മിനിറ്റ് 50.47 സെക്കന്‍ഡിലാണ് പ്രീജ ഗ്വാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ 10,000 മീറ്ററില്‍ സ്വര്‍ണം നേടിയത്. തന്റെതന്നെ പേരിലുണ്ടായിരുന്ന 32 മിനിറ്റ് 4.41 സെക്കന്‍ഡിന്റെ ദേശീയ റെക്കോഡ് തിരുത്താനും പ്രീജയ്ക്കായി.

2006ലെ ദോഹ ഏഷ്യാഡില്‍ അഞ്ചാം സ്ഥാനമായിരുന്നു പ്രീജയ്ക്ക്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രീജയ്ക്ക് മെഡല്‍ നേടാന്‍ കഴിഞ്ഞില്ല. 2011 ജൂലായില്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹയായി. ഒലവക്കോട് റെയില്‍വേ ഡിവിഷണല്‍ ഓഫീസില്‍ കൊമേഴ്‌സ്യല്‍ ബ്രാഞ്ചില്‍ ഓഫീസ് സൂപ്രണ്ടാണ് പ്രീജയിപ്പോള്‍. 2012ല്‍ ഡോക്ടര്‍ ദീപകിനെ വിവാഹം ചെയ്തു.

Top