പ്രൗഢഗംഭീരവും വര്‍ണാഭവുമായി ദേശീയ ഗെയിംസ് സമാപിച്ചു

തിരുവനന്തപുരം: പ്രൗഢഗംഭീരവും വര്‍ണാഭവുമായി 35ാമത് ദേശീയ ഗെയിംസ് സമാപിച്ചു. കാശ്മീര്‍ മുതല്‍ കേരളം വരെയുളള സംസ്ഥാനങ്ങളില്‍ നിന്നും സര്‍വീസസില്‍ നിന്നുമായി അയ്യായിരത്തോളം കായികതാരങ്ങള്‍ അണിനിരന്ന ഗെയിംസിന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷന്‍ എന്‍.രാമചന്ദ്രനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവവും ചേര്‍ന്ന് ഔപചാരിക സമാപനം ചൊല്ലി.

ഓവറോള്‍ചാമ്പ്യന്‍ പട്ടത്തിനുളള രാജ നരേന്ദ്രസിംഗ് ട്രോഫി സര്‍വ്വീസസ് കായിക വിഭാഗം മേധാവി വിംഗ്കമാന്‍ഡര്‍ ദീപക് അലുവാലിയ ഏറ്റുവാങ്ങി.ഏറ്റവും അധികം മെഡല്‍ നേടിയ സംസ്ഥാനത്തിനുളള കിരീടം കേരള ടീം ക്യാപ്റ്റന്‍ പ്രീജ ശ്രീധരന്‍, സജന്‍പ്രകാശ്, വില്‍സണ്‍ ചെറിയന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മികച്ച കായിക താരത്തിനുളള ട്രോഫി നീന്തലില്‍ ഏഴ് സ്വര്‍ണ്ണവും രണ്ട് വെളളിയും നേടിയ സജന്‍ പ്രകാശിന് സമ്മാനിച്ചു. വനിതാ താരത്തിനുളള ട്രോഫി മഹാരാഷ്ട്രാ നീന്തല്‍ താരം ആകാംക്ഷ വോറ സ്വന്തമാക്കി.

തുടര്‍ന്ന് അടുത്ത ആതിഥേയരായ ഗോവയില്‍ നിന്നുള്ള കലാകാരന്മാര്‍ അണിനിരന്ന കലാപരിപാടിയായിരുന്നു. നടി ശോഭനയുടെ നൃത്തവും ലൈറ്റ് ആന്‍ഡ് ഷോയും വിവിധ കലാപരിപാടികളും ചടങ്ങിന് നിറം പകര്‍ന്നു. ഇത് വീക്ഷിക്കാനായി ശനിയാഴ്ച വൈകുന്നേരം ആയിരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലത്തെിയിരുന്നു.

Top