വാഷിംഗ്ടണ്‍: 77 ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്ത ഇസ്രയേല്‍ നടപടിയെ ശക്തമായി വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ രംഗത്ത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെയാണ് ഇത്രയും വീടുകള്‍ ഇസ്രയേല്‍ തകര്‍ത്തത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പ്രസ്താവനയിലാണ് ഇസ്രയേല്‍ നടപടിയെ ഐക്യരാഷ്ട്ര സഭ വിമര്‍ശിച്ചത്. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം കൊണ്ട് നിര്‍മിച്ച വീടുകളും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. സംഭവം പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. കിഴക്കന്‍ ജറൂസലം, റാമല്ല, ഹെബ്‌റോണ്‍ എന്നിവിടങ്ങളിലാണ് ഫലസ്തീനികളുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2014ല്‍ ഇസ്രയേല്‍ തകര്‍ത്ത വീടുകളുടെ എണ്ണം റെക്കോര്‍ഡായിരുന്നുവെന്ന് യു എന്‍ വെളിപ്പെടുത്തി. മൊത്തം 590 വീടുകള്‍ കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ തകര്‍ത്തു. ഇതിനെ തുടര്‍ന്ന് 1,177 ഫലസ്തീനികള്‍ വീടില്ലാത്തവരായി മാറി. മതിയായ അനുമതിയില്ലാത്തതിനാലാണ് ഈ വീടുകള്‍ തകര്‍ക്കുന്നതെന്ന് ഇസ്രയേല്‍ വാദിക്കുന്നു. എന്നാല്‍ ഈ വാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും എല്ലാ അനുമതികളോടെയും തന്നെയാണ് വീടുകള്‍ നിര്‍മിക്കുന്നതെന്നും ഫലസ്തീനികള്‍ ചൂണ്ടിക്കാട്ടി.