റിയോ ഡി ജനീറോ: ഫിഫ പ്രസിഡന്റ് പിന്തുണ തെരഞ്ഞെടുപ്പ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഇതിഹാസ താരം സീക്കോയ്ക്ക്(62) ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് പിന്തുണ പ്രഖ്യാപിച്ചു.
സീക്കോയ്ക്കു മുഴുവന്‍ പിന്തുണയും നല്കുമെന്നു ഫെഡറേഷന് പ്രസിഡന്റ് മാര്‍കോ പോളോ ഡെല്‍ നീറോ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ഥിച്ച് സീക്കോ ദേശീയ ഫെഡറേഷനു കത്തെഴുതിയിരുന്നു.
അഴിമതി ആരോപണത്തെത്തുടര്ന്നു ഫിഫ പ്രസിഡന്റ് ജോസഫ് സെപ് ബ്ലാറ്റര്‍ രാജി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ സീക്കോ സന്നദ്ധത അറിയിച്ചിരുന്നു.
യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലറ്റിനിയും(60) മത്സരരംഗത്തുണ്ട്. യുറോപ്പ്, ഏഷ്യ, കോണ്കോകാഫ് പ്രതിനിധികളുടെ മുഴുവന്‍ സഹായവും പിന്തുണയും പ്ലറ്റീനിക്കു ലഭിക്കുമെന്നാണു പുതിയ വിവരം.
പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുവാന്‍ താല്പര്യമുള്ളവരെ ഒക്ടോബര്‍ 26-നു മുമ്പ് നാമനിര്‍ദേശം ചെയ്യണം. 2016 ഫെബ്രുവരി 26 നു സൂറിച്ചില്‍ സമ്മേളിക്കുന്ന അസാധാരണ കോണ്‍ഗ്രസിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.