ഫിലിപ്പൈന്‍സില്‍ ചുഴലിക്കൊടുങ്കാറ്റ് രൂക്ഷമായി; നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

മനില: ഫിലിപ്പൈന്‍സില്‍ കോപ്പു ചുഴലിക്കൊടുങ്കാറ്റ് രൂക്ഷമായി. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. അതേ സമയം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പതിനായിരത്തില്‍ പരം ആളുകള്‍ക്കാണ് വീട് വിട്ടു പോകേണ്ടി വന്നത്. വൈദ്യുതി ബന്ധം തടസപ്പെട്ടു. വടക്കന്‍ പ്രവിശ്യകളിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്.

ഫിലിപ്പൈന്‍സില്‍ കനത്ത മഴയും ആരംഭിച്ചിട്ടുണ്ട്. വടക്കന്‍ പ്രവിശ്യയിലേയ്ക്കുള്ള വിമാന, ബോട്ട് സര്‍വീസുകള്‍ റദ്ദാക്കി. മണ്ണിടിച്ചില്‍ സാദ്ധ്യത കണക്കിലെടുത്ത് മലയോര പ്രദേശങ്ങളില്‍ ബസ് സര്‍വീസും നിര്‍ത്തിവച്ചിട്ടുണ്ട്. കനത്ത മഴ വെള്ളപ്പൊക്കത്തിന് ഇടയാക്കിയേക്കുമെന്നുള്ള ആശങ്ക ശക്തമാണ്.

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയാണ് കാറ്റിനുള്ളത്. തലസ്ഥാനമായ മനിലയിലും മഴ ശക്തമാണ്. ദുരന്ത നിവാരണത്തിനായി സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ഒഴിപ്പിയ്ക്കപ്പെട്ട ജനങ്ങള്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും സൈന്യവും സന്നദ്ധ സംഘങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് പ്രസിഡന്റ് ബെനിഗ്‌നോ അക്വിനോ പറഞ്ഞു.

2013ല്‍ ഫിലിപ്പൈന്‍സില്‍ വ്യാപക നാശം വിതച്ച ഹയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ 6300 പേരാണ് കൊല്ലപ്പെട്ടത്. 2013ലെ ദുരന്തത്തിന് ശേഷം രാജ്യത്തെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇത് നാശനഷ്ടം കുറയ്ക്കാന്‍ സഹായിയ്ക്കുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Top