കൊല്‍ക്കത്ത: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഫുട്‌ബോള്‍ ഇതിഹാസം പെലെ കൊല്‍ക്കത്തയിലെത്തി. ആരാധകര്‍ പെലെയ്ക്ക് ഊഷ്മളമായ വരവേല്‍പ് നല്‍കി. 38 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു ബ്രസീലിയന്‍ ഇതിഹാസം ഇന്ത്യന്‍ മണ്ണിലെത്തുന്നത്. നേരത്തേ, മോഹന്‍ ബഗാനെതിരെ സൗഹൃദ മത്സരം കളിക്കാന്‍ 1977ലാണ് പെലെ കോല്‍ക്കത്തയില്‍ എത്തിയിരുന്നത്.
മൂന്നു ദിവസം നീളുന്ന സന്ദര്‍ശനവേളയില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ചൊവ്വാഴ്ച നടക്കുന്ന അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയുടെ ആദ്യ ഹോം മത്സരത്തില്‍ പെലെ മുഖ്യാതിഥിയാവും.
ഒക്ടോബര്‍ 23ന് എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന പെലെയ്ക്ക്, ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രത്യേക സമ്മാനമൊരുക്കുന്നത് സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാനാണ്. നാളെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍, പെലെയ്ക്കായി എ.ആര്‍. റഹ്മാന്‍ ജന്മദിന ആശംസാഗാനം ആലപിക്കും. കൊല്‍ക്കത്തയുടെ ക്രിക്കറ്റ് രാജകുമാരന്‍ സൗരവ് ഗാംഗുലി നയിക്കുന്ന ടോക്‌ഷോയിലാണ് ഈ ചടങ്ങും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പെലെയ്ക്ക് ആശംസ നേരാനെത്തും.
ആദ്യഹോം മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കളിയില്‍ പെലെ മുഖ്യാതിഥിയാവും. കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കറും സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന കളി കാണാന്‍ കൊല്‍ക്കത്തയിലെത്തുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ക്രിക്കറ്റ് ഇതിഹാസവും ഫുട്‌ബോള്‍ ഇതിഹാസവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും സാള്‍ട്ട് ലേക്ക് വേദിയാവും. മല്‍സരശേഷം, ബംഗാള്‍ ദുരിതാശ്വാസ നിധിക്കു പണം സമാഹരിക്കാന്‍ സംഘടിപ്പിക്കുന്ന അത്താഴവിരുന്നിലും പങ്കെടുത്ത ശേഷം പെലെ ന്യൂഡല്‍ഹിയിലേക്കു പോകും.