ഫെബ്രുവരിയില്‍ മോളിവുഡിനൊപ്പം ബോളിവുഡില്‍നിന്നും കോളിവുഡില്‍നിന്നും താരസാന്ന്യദ്ധ്യമറിയിച്ച് ചിത്രങ്ങള്‍ എത്തും. മമ്മൂട്ടിയുടെ ഫയര്മാന്, ജയറാമിന്റെ സര് സിപി, ജയസൂര്യയുടെ ആട് ഒരു ഭീകരജീവിയാണ് എന്നിവയോടൊപ്പം ബോളിവുഡില്‍നിന്ന് ഷമിതാബും കോളിവുഡില്‍നിന്ന് യെന്നെ അറിന്താലും ശക്തമായ സാന്നിദ്ധ്യം അറിയിക്കുമെന്ന് ഉറപ്പ്.
പുതുവര്‍ഷം എത്തുന്ന ആദ്യ മമ്മൂട്ടി സിനിമയായിരിക്കും ഫയര്മാന്. ദീപു കരുണാകരന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ നായിക നൈല ഉഷയാണ്. ഉണ്ണിമുകുന്ദന്, സിദ്ധിഖ്, സാദ്ധിഖ് , തുടങ്ങിയവരാണ് മറ്റു പ്രധാന വേഷക്കാര്‍. മമ്മൂട്ടി ആദ്യമായി അഗ്നിശമനസേനവിഭാഗക്കാരനായി എത്തുന്നതാണ് ഫയര്‍മാന്റെ സവിശേഷത.
ജയറാമിന്റെ 200ാമത് സിനിമയായ സര്‍സിപി പ്രണയത്തിനും പ്രതികാരത്തിനൊപ്പം കുടുംബബന്ധങ്ങളുടെ ഇഴയടുപ്പം ശക്തമായ ഭാഷയില്‍ പറയാന്‍ ശ്രമം നടത്തുന്നു. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സര്‍സിപി സംവിധാനം ചെയ്യുന്നത് ഷാജൂണ്‍ കാര്യാലാണ്. ഹണിറോസ്, സീമ, രോഹിണി, വിജയരാഘവന് , ഹരീഷ് പേരടി എന്നിവര്‍ മറ്റു മുഖങ്ങള്‍.
കോമഡി എന്റര്ടെയ്നര് എന്നു വിശേഷിപ്പിക്കുന്ന ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയില്‍ ജയസൂര്യയോടൊപ്പം ആടും ഒരു പ്രധാനകഥാപാത്രമായി എത്തുന്നു. നവാഗതനായ മിഥുന് മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയ്ക്ക് ഇടുക്കിയാണ് പ്രധാന ലൊക്കേഷന്‍. ജയസൂര്യയുടെ വേഷപ്പകര്‍ച്ച ആടിനെ പ്രേക്ഷകരിലേക്ക് വളരെ വേഗം അടുപ്പിക്കുന്നു. സ്രിന്ധയും സ്വാതി റെഡ്ഡിയും നായികമാരാവുന്നു.
മലയാളത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാവും ഷമിതാഭ് എത്തുക. ബിഗ്ബിയോടൊപ്പം ധനുഷും അക്ഷരഹാസനും എത്തുന്ന ഈ ബ്രഹ്മാണ്ഡസിനിമ സംവിധാനം ചെയ്യുന്നത് ബാല്‍കി. ഒറ്റ ട്രെയിലറോടെ ശ്രദ്ധ ആകര്‍ഷിച്ച ഷമിതാഭില്‍ അമിതാഭ് ബച്ചനൊപ്പം ധനുഷ് നിറഞ്ഞു നില്ക്കുന്നു.സ്വാനനന്ദ് കര്‍ക്കരെയുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് ഇളയരാജ ആണ്. ഷമിതാഭിന് കാമറ ഒരുക്കുന്നത് പി. സി ശ്രീറാം.
അജിത്ത് വെള്ളിവരയില്ലാതെ വരുന്ന സിനിമയായിരിക്കും യെന്നെ അറിന്താല്‍. ഗൗതം മേനോന് ഒരുക്കുന്ന യെന്നെ അറിന്താല്‍ വാനോളം പ്രതീക്ഷ നല്കാന് കാരണങ്ങള്‍ നിരവധിയാണ്.ഗൗതം മേനോന്, അജിത് കൂട്ടുകെട്ട്ത്തന്നെ ആദ്യം. ഹാരീസ് ജയരാജ് ഒരുക്കിയ ഗാനങ്ങള്‍ രണ്ടാമത്. സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാവ് എ. എം രത്നം മൂന്നാമത്. സിനിമ തിയേറ്ററില്‍ എത്തിക്കുന്നത് ബോളിവുഡിലെ പ്രമുഖരായ ഇ റോസ് ഇന്റര്‍നാഷണലും. തൃഷയും അനുഷ്കഷെട്ടിയും അജിത്തിന്റെ നായികമാര്‍.