ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്ന വീഡിയോ മോഷണം തടയാന്‍ പുതിയ സംവിധാനം ഫെയ്‌സ്ബുക്ക് അണിയറയില്‍ ഒരുങ്ങുന്നു. വ്യാജന്മാരെ തിരിച്ചറിയാന്‍ സാധിക്കുന്ന ‘വീഡിയോ മാച്ചിംഗ് ടൂള്‍’ സംവിധാനമാണ് ഫെയ്‌സ്ബുക്ക് സൃഷ്ടിക്കുന്നത്.
വെബ്-വീഡിയോ സൃഷ്ടാക്കളുടെ നിരന്തര പരാതികള്‍ ലഭിച്ചതോടെയാണ് വീഡിയോ മോഷണം തടയുന്നതിനായി ഫെയ്‌സ്ബുക്ക് ആലോചന തുടങ്ങിയത്. ‘വീഡിയോ മാച്ചിംഗ് ടൂള്‍’ ഉപയോഗിക്കുന്നതോടെ വീഡിയോയുടെ യഥാര്‍ഥ നിര്‍മാതാവിന് ഉടമസ്ഥകാശം ലഭിക്കുമെന്നാണ് ഫെയ്‌സ്ബുക്കിന്റെ അവകാശവാദം.
ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ തമ്മിലുള്ള സാമ്യം കണ്ടെത്തിയാണ് മോഷണം തടയുന്നത്. ഇതോടെ വൈറലാകുന്ന വീഡിയോകള്‍ മോഷ്ടിച്ചു റീപോസ്റ്റ് ചെയ്യുന്നത് തടയാന്‍ സാധിക്കും. മോഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ ഉടമകള്‍ക്ക് ഉടന്‍ വീഡിയോ റിമൂവ് ചെയ്യണമെന്ന് റിപ്പോര്‍ട്ട് ചെയ്യാം.
ഫെയ്‌സ്ബുക്കില്‍ ആളെക്കൂട്ടുന്ന വീഡിയോകളില്‍ 73 ശതമാനവും മോഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് ജൂണില്‍ പരസ്യ ഏജന്‍സിയായ ഒഗില്‍വി നടത്തിയ പഠനത്തില്‍ പറയുന്നത്. കുറച്ചുകാലമായി വീഡിയോ ബിസിനസ് വ്യാപിക്കാനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. ഇതിന്റെ ഭാഗമായി പരസ്യവരുമാനത്തിന്റെ ഒരു നിശ്ചിതവിഹിതം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കുമെന്ന് ജൂലൈയില്‍ ഫെയ്‌സ്ബുക്ക് അറിയിച്ചു.