ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ അംഗമാകാം

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമല്ല അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ സേവനം ഉപയോഗിക്കാം. പേരും ഫോണ്‍ നമ്പറും മാത്രം നല്‍കിയാല്‍ മാത്രം മതി. ഇതേവരെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമാണ് മെസഞ്ചര്‍ ഉപയോഗിച്ച് ചാറ്റ് ചെയ്യാനാവുമായിരുന്നുള്ളു.

ഫെയ്‌സ്ബുക്ക് ഇഷ്ടപ്പെടാത്ത അല്ലെങ്കില്‍ ഉപയോഗിക്കാത്ത ലക്ഷോപലക്ഷം ആളുകള്‍ ഉണ്ട് ഈ ലോകത്ത്. ഇവരെയും കൂടെ ഫെയ്‌സ്ബുക്ക് മെസഞ്ചറിലേക്ക് കൊണ്ടുവരികയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

മെസഞ്ചര്‍ ആപ്പിലും വെബ് പതിപ്പിലും ഈ സേവനം ലഭ്യമാണ്. ലോഗിന്‍ ബോക്‌സില്‍ നോട്ട് ഓണ്‍ ഫെയ്‌സ്ബുക്ക് എന്നൊരു ഓപ്ഷനുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ ഫസ്റ്റ് നെയിമും സെക്കന്‍ഡ് നെയിമും മൊബൈല്‍ നമ്പറും മാത്രം നല്‍കി ലോഗിന്‍ ചെയ്യാന്‍ സാധിക്കും. മൊബൈല്‍ ഫോണില്‍ സ്‌റ്റോര്‍ ചെയ്തിരിക്കുന്ന കോണ്‍ടാക്‌സ് ലിസ്റ്റ് ഇതിലേക്ക് സിന്‍ക്രൊണൈസ് ചെയ്യുമ്പോള്‍ അതില്‍നിന്നും മെസഞ്ചര്‍ ഉപയോഗിക്കുന്ന ആളുകളെ ഫെയ്‌സ്ബുക്ക് തന്നെ കണ്ടെത്തി നല്‍കും.

ഇത് കൂടാതെ ഫ്രണ്ട്‌സിനെ പേര് വെച്ച് സെര്‍ച്ച് ചെയ്ത് കണ്ടെത്താനും മെസഞ്ചര്‍ ആപ്പില്‍ സൗകര്യമുണ്ട്.ഈ സംവിധാനം യു.എസ്.എ, കാനഡ, പെറു, വെനുസ്വേല എന്നിവിടങ്ങളിലാണ് ആദ്യം അവതരിപ്പിക്കുന്നത്. പിന്നാലെ മറ്റു രാജ്യങ്ങളിലും ഈ സംവിധാനം നിലവില്‍ വരും.

600 മില്യണ്‍ ഉപയോക്താക്കളുള്ള ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ കഴിഞ്ഞയിടക്ക് ഗെയിം, വീഡിയോ കോളിംഗ് ഉള്‍പ്പെടെ നിരവധി ഫീച്ചറുകളും ആപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫെയ്‌സ്ബുക്കിന്റെ മെയിന്‍ സൈറ്റിന് 1.4 ബില്യണ്‍ ഉപയോക്താക്കളുണ്ട്.

Top