ഫോക്‌സ്‌വാഗന്റെ പരിഷ്‌കരിച്ച ജെറ്റ പുറത്തിറക്കി

ഫോക്‌സ്‌വാഗന്‍ എക്‌സിക്യൂട്ടീവ് സെഡാനായ ജെറ്റയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. ഡീസല്‍ എന്‍ജിനുള്ള മോഡലുകള്‍ക്ക് 15.01 ലക്ഷം രൂപ മുതലും പെട്രോള്‍ വകഭേദങ്ങള്‍ക്ക് 13.87 ലക്ഷം രൂപ മുതലുമാണു മുംബൈയിലെ ഷോറൂമില്‍ വില.

ഇതിനു മുമ്പ് 2013 ഒക്‌ടോബറിലാണു ഫോക്‌സ്‌വാഗന്‍ ജെറ്റയെ പരിഷ്‌കരിച്ചത്; കൂടുതല്‍ സംവിധാനങ്ങളും പുത്തന്‍ ഹെഡ്‌ലാംപും ഘടിപ്പിച്ചതായിരുന്നു അന്നത്തെ പുതുമ. അതുപോലെ ഇക്കുറിയും കാഴ്ചയിലെ പുതുമകള്‍ക്കാണു ഫോക്‌സ്‌വാഗന്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. സാങ്കേതിക വിഭാഗത്തില്‍ പേരിനു പോലും മാറ്റം വരുത്തിയിട്ടില്ല.

ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്), ഇലക്‌ട്രോണിക് സ്‌റ്റെബിലൈസേഷന്‍ പ്രോഗ്രാം(ഇ എസ് പി), ആറ് എയര്‍ ബാഗ് എന്നിവയോടെയാണു പുതിയ ജെറ്റയുടെ വരവ്. ഒപ്പം മുന്നിലും പിന്നിലും പുത്തന്‍ ബംപര്‍, നവീകരിച്ച മുന്‍ ഗ്രില്‍, ഫോഗ് ലാംപ്, പുത്തന്‍ ടെയില്‍ ലാംപ്, ബുട്ട് ലിഡ്, ട്വിന്‍ ട്യൂബ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി ഫംക്ഷന്‍ കണ്‍ട്രോള്‍ സഹിതം ഫ്‌ളാറ്റ് ബോട്ടംഡ് സ്റ്റീയറിങ് വീല്‍ എന്നിവയും കാറിലുണ്ട്.

ഡീസല്‍ എന്‍ജിനുള്ള ജെറ്റയുടെ മുന്തിയ വകഭേദമായ ഹൈലൈനിലാവട്ടെ ആറു സ്പീഡ്, ഇരട്ട ക്ലച്, ഡി എസ് ജി ഓട്ടമാറ്റിക് ട്രാന്‍സ്മിഷനോടെയാണു ലഭ്യമാവുക; സ്‌പോര്‍ട്ടി ഡ്രൈവിങ്ങിനായി മികച്ച പ്രകടനവും ഉയര്‍ന്ന ഇന്ധനക്ഷമതയുമാണ് ഫോക്‌സ്‌വാഗന്റെ വാഗ്ദാനം. പരമാവധി 140 ബി എച്ച് പി കരുത്തും 320 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന ഡീസല്‍ എന്‍ജിന് ലീറ്ററിന് 19.33 കിലോമീറ്ററാണു ഇന്ധനക്ഷമത.

കാറിലെ 1.4 ലീറ്റര്‍ ടി എസ് ഐ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാവട്ടെ പരമാവധി 122 ബി എച്ച് പി കരുത്തും 200 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും; ലീറ്ററിന് 14.69 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണു ഫോക്‌സ്‌വാഗന്‍ വാഗ്ദാനം ചെയ്യുന്നത്.

Top