ഫോക്‌സ്‌വാഗന്‍ ബ്രാന്‍ഡിന്റെ കരുത്തുമായി ടിഗ്വന്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗനില്‍ നിന്നുള്ള ജനപ്രിയ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ടിഗ്വന്‍’ അടുത്ത വര്‍ഷം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. ‘ടിഗ്വ’ന്റെ പുതുതലമുറ മോഡലാവും ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുക.

2007ല്‍ വിപണിയിലെത്തിയതു മുതല്‍ ഇതുവരെ 26 ലക്ഷം ‘ടിഗ്വന്‍’ ആണു ഫോക്‌സ്‌വാഗന്‍ വിറ്റത്. ഫോക്‌സ്‌വാഗന്‍ ശ്രേണിയില്‍ ‘ഗോള്‍ഫും’ ‘പോളോ’യും കഴിഞ്ഞാന്‍ ഏറ്റവും ജനപ്രിയ ബ്രാന്‍ഡും ‘ടിഗ്വന്‍’ തന്നെ. വിപണന സാധ്യത പരിഗണിച്ച് അടുത്ത വര്‍ഷം തന്നെ ‘ടിഗ്വന്‍’ ഇന്ത്യയിലെത്തിക്കാനാണു ഫോക്‌സ്‌വാഗന്റെ ശ്രമം.

വികസിത, വികസ്വര രാജ്യങ്ങളിലേക്കു കാര്‍ കയറ്റുമതിക്കുള്ള, ചെലവ് കുറഞ്ഞ ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനും ഫോക്‌സ്‌വാഗന്‍ തയാറെടുക്കുന്നുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ 1,500 കോടി രൂപ നിക്ഷേപിച്ച് പ്രാദേശികവല്‍ക്കരണം വര്‍ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഒപ്പം ചക്കന്‍, ഔറംഗബാദ് ശാലകളുടെ കാര്‍ നിര്‍മാണശേഷി ഗണ്യമായി ഉയര്‍ത്താനും ഫോക്‌സ്‌വാഗനു പരിപാടിയുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വാര്‍ഷിക ഉല്‍പ്പാദനശേഷി രണ്ടു ലക്ഷം യൂണിറ്റിനു മുകളിലെത്തിക്കാനാണു കമ്പനിയുടെ നീക്കം.

Top