ഫോട്ടോകളും വീഡിയോകളും ഇനി അണ്‍ലിമിറ്റഡായി സൂക്ഷിക്കാം

ചിത്രങ്ങളും ദൃശ്യങ്ങളും ഓണ്‍ലൈനില്‍ സൗജന്യമായി പരിധിയില്ലാതെ സൂക്ഷിക്കുന്ന സേവനമായ ഗൂഗിള്‍ ഫോട്ടോസ് ഗൂഗിള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഗൂഗിള്‍ ഐ/ഒ ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിനിടെയായിരുന്നു ഗൂഗിളിന്റെ പ്രഖ്യാപനം.

സൂക്ഷിക്കുന്നതിനൊപ്പം കൈവശമുള്ള ചിത്രങ്ങളും വീഡിയോകളും അടുക്കും ചിട്ടയോടെ തരം തിരിക്കാനും ഗൂഗിള്‍ ഫോട്ടോസ് സഹായിക്കും. ഡിജിറ്റല്‍ കാലത്ത് ഗൂഗിളിന്റെ പുതിയ സേവനം ജനപ്രിയമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 16 മെഗാപിക്‌സല്‍ വരെയുള്ള ചിത്രങ്ങളും എച്ച്.ഡി വീഡിയോയും ഗൂഗിള്‍ ഫോട്ടോസില്‍ സൂക്ഷിക്കാനാകും. കംപ്രസ്ഡ് രൂപത്തിലായിരിക്കും ഗൂഗിള്‍ ഫോട്ടോസില്‍ ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കുക.

ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ ഗൂഗിള്‍ ഫോട്ടോസ് ലഭ്യമാകും. ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.

ഗൂഗിള്‍ പ്ലസിലെ ഫോട്ടോ മാനേജ്‌മെന്റ് ടൂളിന്റെ പരിഷ്‌ക്കരിച്ച രൂപമെന്ന് വേണമെങ്കില്‍ ഗൂഗിള്‍ ഫോട്ടോസിനെ വിശേഷിപ്പിക്കാം. ശേഖരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഗൂഗിള്‍ ഫോട്ടോസ് തന്നെ തരംതിരിക്കും. വളരെ എളുപ്പത്തില്‍ കൊളാഷുകള്‍ നിര്‍മ്മിക്കാനും ഗൂഗിള്‍ ഫോട്ടോസില്‍ കഴിയും.

ഗൂഗിള്‍ ഫോട്ടോസില്‍ ശേഖരിക്കുന്നവ ഏത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലേക്കും എളുപ്പത്തില്‍ ഷെയര്‍ ചെയ്യാനും സാധിക്കും. നിലവില്‍ ആപ്പിള്‍ ഫോട്ടോ സര്‍വ്വീസ് അഞ്ച് ജി.ബി വരെ സ്‌റ്റോറേജ് സൗജന്യമായി നല്‍കുന്നുണ്ട്.

Top