ഫ്‌ളാഷ് സെയിലിന് തുടക്കം കുറിച്ച് മൈക്രോമാക്‌സിന്റെ യു യുറേക്ക

മൈക്രോമാക്‌സിന്റെ യു യുറേക്ക എന്ന പുതിയ സ്മാര്‍ട്ട്‌ഫോണുമായി സൂവര്‍ണ നേട്ടത്തോടെ ആമസോണ്‍ ഇന്ത്യയില്‍ ഫ്‌ളാഷ് സെയിലിന് തുടക്കം കുറിച്ചു. ചൊവ്വാഴ്ച വില്‍പക്കുവെച്ച 10,000 ഫോണുകള്‍ മൂന്ന് സെക്കന്‍ഡില്‍ വിറ്റുതീര്‍ന്നതായി മൈക്രോമാക്‌സ് അറിയിച്ചു. ജനുവരി 22നാണ് അടുത്ത ഫ്‌ളാഷ് സെയില്‍. എന്നാല്‍ എന്നാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുകയെന്ന് സൂചനയില്ല.

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപറേറ്റിങ് സിസ്റ്റം പരിഷ്‌കരിച്ച് സൃഷ്ടിച്ച സയാനോജന്‍ മോഡ് എന്ന ഓപറേറ്റിങ് സിസ്റ്റത്തിലുള്ള മൈക്രോമാക്‌സിന്റെ തുറുപ്പുശീട്ടാണ് യു യുറേക്ക. ആന്‍ഡ്രോയിഡില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയ ഷിയോമിയുടെ എന്ന ഒ.എസിനെ കടത്തിവെട്ടാന്‍ ലക്ഷ്യമിട്ടാണ് പുതിയ പേരില്‍ സ്മാര്‍ട്ട്‌ഫോണുമായി യു എന്ന പുതു ബ്രാന്‍ഡുമായി മൈക്രോമാക്‌സ് എത്തിയതെന്ന് സാരം.

സയാനോജന്‍ മോഡ് 11 ആണ് യു യുറേക്കയുടെ ഒ.എസ് പതിപ്പ്. സെറ്റിങ്ങുകള്‍ക്ക് വ്യത്യസ്തമായ ലേഔട്ട്, വേറിട്ട ലോക്ക് സ്‌ക്രീന്‍, ഐക്കണുകള്‍, വെവ്വേറെ തീമുകള്‍, ഫോണ്‍ കസ്റ്റമൈസ് ചെയ്യാനുള്ള നിരവധി സൗകര്യങ്ങള്‍ എന്നിവയാണ് ഈ ഒ.എസിന്റെ പ്രത്യേകത.

മികച്ച സവിശേഷതകള്‍ക്കൊപ്പം ഇരട്ട സിമ്മിടാവുന്ന ഇതിന് 8,999 രൂപയേ ഉള്ളൂ എന്നതാണ് ഏറെ പേരെ ആകര്‍ഷിക്കുന്നത്. 720 ഃ 1280 പിക്‌സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഐപിഎസ് എച്ച്.ഡി ഡിസ്‌പ്ലേ, 1.5 ജിഗാഹെര്‍ട്‌സ് എട്ടുകോര്‍ 64 ബിറ്റ് ക്വാല്‍കോം സ്‌നാപ്രഡാഗണ്‍ 615 പ്രോസസര്‍, രണ്ട് ജി.ബി റാം, ഫോര്‍ജി കണക്ടിവിറ്റി, 8.8 മില്ലീമീറ്റര്‍ കനം, 155 ഗ്രാം ഭാരം, 2500 എം.എ.എച്ച് ബാറ്ററി, ഫ്‌ളാഷുള്ള 13 മെഗാപിക്‌സല്‍ പിന്‍ കാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍ കാമറ, 32 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, കോര്‍ണിങ് ഗൊറില്ല ഗ്‌ളാസ് 3 സംരക്ഷണം എന്നിവയാണ് വിശേഷങ്ങള്‍. ഗ്രേ നിറത്തില്‍ മാത്രമാണ് ലഭ്യം.

ആദ്യ വില്‍പനക്ക് മൂന്ന് ലക്ഷം രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്. ഏറെ ആവശ്യക്കാരുണ്ടെങ്കിലും കുറഞ്ഞ ഫോണുകള്‍ വില്‍പനക്ക് വെക്കുക എന്ന തന്ത്രമാണ് ഷിയോമിയെ പോലെ മൈക്രോമാക്‌സും പയറ്റിയത്.

Top