ഫ്‌ളിപ്കാര്‍ട്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയിലെ വില്‍പനയെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും ഇതുവരെ തെറ്റായൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം ആറിനായിരുന്നു ബിഗ് ബില്യണ്‍ ദിനം സംഘടിപ്പിച്ചത്.

ഓണ്‍ലൈന്‍ വ്യാപാരസൈറ്റുകളെ നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് നേരത്തെ പരമ്പരാഗതവ്യാപാരികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഡിസ്‌കൗണ്ട് വാഗ്ദാനങ്ങള്‍ പരമ്പരാഗത ചില്ലറവില്‍പനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. വിദേശവിനിമയനിയമം ലംഘിച്ചോ എന്ന കാര്യത്തിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും.

ബിഗ് ബില്യണ്‍ ദിനത്തില്‍ 15 ലക്ഷം ആളുകള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഉല്‍പന്നങ്ങള്‍ സ്വന്തമാക്കിയെന്നാണ് കമ്പനി അവകാശപ്പെട്ടത്. പത്തു മണിക്കൂറിനുള്ളില്‍ 600 കോടി രൂപയുടെ വില്‍പന നടന്നതായും ഫ്‌ളിപ്കാര്‍ട്ട് അവകാശപ്പെട്ടിരുന്നു.

Top