ഹാമില്‍ട്ടണ്‍: കിവീസിനു മുന്നില്‍ അടിയറവു പറഞ്ഞ് ബംഗ്ലാദേശ്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ഏഴു വിക്കറ്റിന് 288 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് ഏഴു പന്തു ബാക്കി നില്‍ക്കേ ഏഴു വിക്കറ്റു നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ന്യൂസിലന്‍ഡിനോടു മൂന്നു വിക്കറ്റിനു തോറ്റതോടെ ബംഗ്ലാദേശ്-ഇന്ത്യ ക്വാര്‍ട്ടറിനു വഴിതുറന്നു.
ജയത്തോടെ ആറു മത്സരവും ജയിച്ചു കിവീസ് പൂള്‍ എയില്‍ ഒന്നാം സ്ഥാനക്കാരായി. മൂന്നു ജയം ഉള്‍പ്പെടെ ഏഴു പോയിന്റുള്ള ബംഗ്ലാദേശ് അവസാന സ്ഥാനക്കാരായി.
ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ കന്നി ലോകകപ്പ് സെഞ്ചുറിയാണു കിവീസിനു വിജയം സമ്മാനിച്ചത്. 100 പന്തില്‍ 11 ഫോറും രണ്ടു സിക്‌സും അടക്കം ഗുപ്റ്റില്‍ 105 റണ്‍സ് നേടി. റോസ് ടെയ്‌ലര്‍ (56), ഗ്രാന്‍ഡ് എലിയട്ട് (39), കോറി ആന്‍ഡേഴ്‌സണ്‍ (39) എന്നിവരും തിളങ്ങി. 49-ാം ഓവറില്‍ അഞ്ചാം പന്തില്‍ ഷക്കിബ് അല്‍ ഹസനെ ബൗണ്ടറി കടത്തി ടിം സൗത്തിയാണു കിവീസിന് ആറാം ജയം സമ്മാനിച്ചത്. ഗുപ്റ്റിലാണു മാന്‍ ഓഫ് ദ മാച്ച്. ബംഗ്ലാദേശിനു വേണ്ടി ഷക്കിബ് നാലു വിക്കറ്റ് നേടി.
നേരത്തെ മഹ്മുദുള്ളയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണു ബംഗ്ലാദേശിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 128 റണ്‍സ് നേടി പുറത്താകാതെ നിന്ന മഹ്മുദുള്ള 12 ഫോറും മൂന്നു സിക്‌സും പറത്തി. സൗമ്യ സര്‍ക്കാര്‍ (51), സാബിര്‍ റഹ്മാന്‍ (40) എന്നിവരും മികച്ച പിന്തുണ നല്കി. കിവീസിനു വേണ്ടി ട്രന്‍ഡ് ബോള്‍ട്ട്, കോറി ആന്‍ഡേഴ്‌സണ്‍, ഗ്രാന്‍ എലിയട്ട് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.