ബജറ്റിന് മുന്‍പ് കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി നടന്നേക്കും

ന്യൂഡല്‍ഹി: ബജറ്റിന് മുന്‍പ് കേന്ദ്രമന്ത്രിസഭയില്‍ പുന:സംഘടന നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാത്തവരെ ഒഴിവാക്കുകയുമാണ് പുന:സംഘടനയുടെ ലക്ഷ്യം. പുന:സംഘടനയില്‍ സഖ്യകക്ഷിയായ ശിവസേനയ്ക്ക് ഒരു സഹമന്ത്രിസ്ഥാനം കൂടി ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ജമ്മുകശ്മീരിലെ സഖ്യചര്‍ച്ചകള്‍ വിജയിച്ചാല്‍ പിഡിപിക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും.

ധനകാര്യ വകുപ്പ് സഹമന്ത്രി ജയന്ത സിന്‍ഹയ്ക്ക് കോര്‍പ്പറേറ്റ് വകുപ്പിന്റെ കൂടി അധികചുമതല ലഭിക്കുമെന്നാണ് സൂചന. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് വിനയ് സഹസ്രബുദ്ധെ എന്നാണ് അറിയുന്നത്.

കഴിഞ്ഞ വര്‍ഷം മേയില്‍ അധികാരമേറ്റ നരേന്ദ്ര മോദി നവംബറില്‍ 21 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചിരുന്നു. നിലവില്‍ മന്ത്രിസഭയില്‍ ക്യാബിനെറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 13 മന്ത്രിമാരും 26 സഹമന്ത്രിമാരുമാണുള്ളത്.

Top