ബജറ്റ് സമ്മേളനം നാളെ മുതല്‍; പാര്‍ലമെന്റ് പ്രക്ഷുബ്ധമാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: എന്‍ ഡി എ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ തീരുമാനിച്ചാണ് പ്രതിപക്ഷം കളത്തിലിറങ്ങുന്നത്. ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ ശക്തമായ അമര്‍ഷമാണ് പ്രതിപക്ഷത്തിനുള്ളത്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി ജെ പി കനത്ത പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ മോദി സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് രാജിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച പ്രതിഷേധമുയര്‍ത്തും.

ഭൂമി ഏറ്റെടുക്കല്‍ ബില്ലിനായുള്ള ഓര്‍ഡിനന്‍സിനോട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തില്‍ ബജറ്റ് സമ്മേളന വേദിയിലും പ്രതിപക്ഷ രോഷം ഉയരും എന്നുറപ്പാണ്. ബി ജെ പി നേതാക്കളുടെയും സംഘ്പരിവാര്‍ നേതാക്കളുടെയും സംബന്ധിച്ചുള്ള വിവാദ പ്രസ്താവനകളും പ്രതിപക്ഷം മുഖ്യ ആയുധമാക്കും. ഇന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം വെങ്കയ്യ നായിഡു പാര്‍ലിമെന്റിന്റെ ഇരു സഭകളിലെയും വിവിധ പാര്‍ട്ടികളുടെ പാര്‍ലിമെന്ററി നേതാക്കളുടെ യോഗം അടിയന്തരമായി വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിന്റെ മുന്നോടിയായി പരസ്പര കൂടിയാലോചനക്ക് വേണ്ടിയാണ് യോഗം ചേരുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ പ്രതിഷേധം സഭയുടെ സുഗമമായ നടത്തിപ്പിന് ഭംഗം വരുത്തുമെന്ന കണക്കുകൂട്ടലില്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനും കക്ഷി നേതാക്കളുടെ യോഗം അതേ ദിവസം വിളിച്ചിട്ടുണ്ട്. മാര്‍ച്ച് 20നാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗം പൂര്‍ത്തിയാകുന്നത്. പിന്നീട് ഒരു മാസത്തെ ഇടവേളക്ക് ശേഷം ഏപ്രില്‍ 20ന് രണ്ടാമത്തെ ഭാഗം ആരംഭിക്കും. മെയ് എട്ടിനാണ് സമ്മേളനം അവസാനിക്കുക. ആദ്യ ഘട്ടത്തില്‍ സര്‍ക്കാറിന് ഓര്‍ഡിനന്‍സ് ഇറക്കിയതിനാല്‍ ആറ് ബില്ലുകള്‍ നിയമമാക്കേണ്ടതുണ്ട്.

Top