ബാങ്കുകള്‍ എല്ലാ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കുന്നു; നോട്ട് എണ്ണുന്നതിനും പണം നല്‍കണം

പൊതുമേഖലാ ബാങ്കുകള്‍ ഇനി മുതല്‍ എല്ലാ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കുന്നു. അതാതയത് നിക്ഷേപിക്കാന്‍ കൊണ്ടുവരുന്ന നോട്ട് എണ്ണുന്നതിന് പോലും ഇനിമുതല്‍ ഉപഭോക്താവ് ബാങ്കിന് പണം നല്‍കേണ്ടിവരും. നൂറ് എണ്ണംവീതമുള്ള രണ്ട് കെട്ടില്‍ കൂടുതല്‍ നോട്ടുകള്‍ക്ക് കെട്ടൊന്നിന് 10 രൂപ വീതം ഫീസ് നല്‍കേണ്ടിവരും.

എടിഎമ്മിലൂടെ പണം പിന്‍വലിക്കുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. അക്കൗണ്ടുള്ള ബാങ്കില്‍നിന്ന് ഇനി ആറ് മാസത്തിനുള്ളില്‍ 30 ഇടപാടുകള്‍ മാത്രമേ സൗജന്യമായി നടത്താനാകൂ. അതില്‍കൂടുതല്‍ ഇടപാടുകള്‍ എടിഎമ്മിലൂടെ നടത്തിയാല്‍ ഓരോന്നിനും 5 രൂപ വീതം ഈടാക്കും.

ബാലന്‍സ് തുക എടിഎം കാര്‍ഡ് ഉപയോഗിച്ച് അറിയുന്നതും ഇടപാടായി കണക്കാക്കും. സൗജന്യപരിധി കടന്നാല്‍ ബാലന്‍സ് തുക അറിയാന്‍ 17 രൂപ വീതം ഫീസ് നല്‍കണം. പണം പിന്‍വലിച്ചില്ലെങ്കിലും സൗജന്യമായി നടത്തുന്ന ഇടപാടുകളുടെ എണ്ണം കുറയുമെന്ന് ചുരുക്കം.

അക്കൗണ്ടില്‍ മിനിമം തുക നിലനിര്‍ത്തിയില്ലെങ്കില്‍ ഈടാക്കുന്ന തുക 100ല്‍നിന്ന് 611 രൂപയായി കൂട്ടി. ചെക്കുകള്‍ക്ക് സ്റ്റോപ്പ് പേയ്‌മെന്റ് നിര്‍ദേശം നല്‍കുന്നതിന് ഉപഭോക്താവിന്റെ പക്കല്‍നിന്ന് മിനിമം 204 രൂപവീതം ഈടാക്കും.

ഒപ്പുകള്‍ പരിശോധിക്കുന്നതിന്, ബാലന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്, പലിശ സംബന്ധിച്ച് സാക്ഷ്യപത്രം നല്‍കുന്നതിന്, ബാധ്യതകളില്ലെന്ന സര്‍ട്ടിഫിക്കറ്റിന്, ഫോട്ടോ അറ്റസ്റ്റേഷന്‍, ചെക്ക് സംബന്ധിച്ച റെക്കോഡുകള്‍ പരിശോധിക്കുക, അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുക, മറ്റൊരു ബ്രാഞ്ചിലേക്ക് അക്കൗണ്ട് മാറ്റുക എന്നിവയ്‌ക്കെല്ലാം 102 രൂപവീതം തുക ഈടാക്കും. ഇവയെല്ലാം പുതുതായി ഏര്‍പ്പെടുത്തിയ ഫീസിനങ്ങളാണ്. ‘ഹിഡന്‍ ചാര്‍ജ്’ എന്നാണ് ഇത് അറിയപ്പെടുന്നത്.

പവര്‍ ഓഫ് അറ്റോര്‍ണി മുഖേന ഒരാളുടെ അക്കൗണ്ട് മറ്റൊരാള്‍ കൈകാര്യം ചെയ്യുന്നതിന് ഇനിമുതല്‍ 509 രൂപ നല്‍കണം. ചെക്ക് മടങ്ങിയാലുള്ള പിഴ 150ല്‍ നിന്ന് 256 രൂപയാക്കി. അടിയന്തരമായി ചെക്ക് ആവശ്യപ്പെട്ടാല്‍ ഓരോന്നിനും രണ്ടുരൂപ വീതം ഈടാക്കും.
സ്വര്‍ണപ്പണയത്തിന്‍മേലുള്ള വായ്പ കൃത്യദിവസം തിരിച്ചടച്ചില്ലെങ്കില്‍ സ്വര്‍ണം സുരക്ഷിതമായി സൂക്ഷിച്ചതിന് സേഫ് കസ്റ്റഡി ചാര്‍ജ് എന്ന പേരില്‍ 850 രൂപ ഈടാക്കും. മുമ്പ് സ്വകാര്യ ബാങ്കുകളാണ് ഇത്തരത്തില്‍ എല്ലാ സേവനങ്ങള്‍ക്കും ഫീസ് വാങ്ങിയിരുന്നത്.

Top