ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ നാലു മാസത്തിനകം

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ സ്വയംഭരണവുമായി ബന്ധപ്പെട്ട് ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ (ബിബിബി) നാലു മാസത്തിനകം രൂപവത്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബോര്‍ഡ്തല നിയമനങ്ങള്‍ ശുപാര്‍ശ ചെയ്യാനും ഫണ്ട് സമാഹരണ തന്ത്രങ്ങള്‍ ഉപദേശിക്കാനും ലയനങ്ങളും ഏറ്റെടുക്കലുകളും നിര്‍ദേശിക്കാനുമെല്ലാം അധികാരമുള്ള ‘സൂപ്പര്‍ അഥോറിറ്റി’യാവും ബിബിബി.

ആറംഗ ബോര്‍ഡാവും ഇതിനെന്നു സൂചന. ബാങ്കുകളുടെ മുന്‍ സിഎംഡിമാര്‍, ധനകാര്യ സേവന മേഖലയിലെ വിദഗ്ധര്‍ എന്നിവരെ അംഗങ്ങളായി പരിഗണിക്കും. ധനകാര്യ സേവന ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയാവും തലവന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നിയമനകാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റി ബിബിബിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.

എസ്ബിഐയും ഐഡിബിഐ ബാങ്കും ഭാരതീയ മഹിളാ ബാങ്കും അടക്കം 22 പൊതുമേഖലാ ബാങ്കുകളാണ് രാജ്യത്തുള്ളത്. ബാങ്കുകളുടെ തലവന്‍മാരെ കണ്ടെത്തുന്നതു മുതല്‍ പ്രവര്‍ത്തന തന്ത്രങ്ങളില്‍ വരെ ബിബിബിയുടെ പങ്കുണ്ടാവും. നോണ്‍എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍, നോണ്‍ഒഫീഷ്യല്‍ ഡയറക്റ്റര്‍മാര്‍ തുടങ്ങിയവരെ സെലക്റ്റ് ചെയ്യുന്ന ഉത്തരവാദിത്വവും ബിബിബിക്കാവുമെന്ന് ധനകാര്യ സേവന ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ഹാഷ്മുഖ് അധിയ പറഞ്ഞു.

ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ബാങ്ക് ബോര്‍ഡുകള്‍ക്കു സ്വാതന്ത്ര്യം നല്‍കുകയാണു സര്‍ക്കാര്‍. ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ രൂപവത്കരിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രധാന കാല്‍വയ്പ്പാണ് ബ്യൂറോ. ജനുവരി ആദ്യം ചേര്‍ന്ന ദ്വിദിന ബാങ്കേഴ്‌സ് മീറ്റില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മീറ്റിനെ അഭിസംബോധന ചെയ്തു.
ബാങ്ക് ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റി (ബിഐസി) രൂപവത്കരിച്ച് ബാങ്കുകളിലെ സര്‍ക്കാര്‍ മുതല്‍മുടക്ക് അതിനു കൈമാറുക എന്ന നിര്‍ദേശം ബാങ്കേഴ്‌സ് മീറ്റിലുണ്ടായി. സര്‍ക്കാര്‍ ഓഹരി 51 ശതമാനമായി കുറച്ച് ബാങ്കുകള്‍ക്കു ഫണ്ട് സമാഹരിക്കാന്‍ ഇതു സഹായിക്കുമെന്ന നിര്‍ദേശം ഉയര്‍ന്നു. പല ഘട്ടമായി സര്‍ക്കാര്‍ ഓഹരി 52 ശതമാനമായി കുറച്ച് 1,60,000 കോടി രൂപയോളം മൂലധനം സമാഹരിക്കാന്‍ ബാങ്കുകളെ അനുവദിക്കുന്നതിന് ഡിസംബറില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Top