തൃശ്ശൂര്‍: കുന്നംകുളം എംഎല്‍എ ബാബു എം. പാലിശേരിക്കും സഹോദരന്‍ ബാലാജിക്കുമെതിരെ സിപിഐഎം അച്ചടക്ക നടപടി. ബാബു എം പാലിശ്ശേരിയെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കി. ബാബു എം പാലിശ്ശേരിയുടെ സഹോദരന്‍ ബാലാജിയെ ഏരിയ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.
ഇരുവരും തമ്മിലുള്ള ചേരിപോര് കുന്നംകുളം ഏരിയ കമ്മിറ്റിയില്‍ വിഭാഗീയത വര്‍ധിപ്പിച്ചെന്ന വിലയിരുത്തലിലാണ് നടപടി. സിപിഎം പിബി അംഗം പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍ കമ്മിറ്റി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
പ്രവാസികള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകളുടെ പണം കബളിപ്പിക്കപ്പെട്ട കോലളമ്പ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത ആരംഭിച്ചത്. ബാബു എം. പാലിശേരിയെ തട്ടിപ്പില്‍ പ്രതിയാക്കാന്‍ ഏരിയാ സെക്രട്ടറിയായിരുന്നു ബാലാജി ശ്രമിച്ചതായി ഒരു വിഭാഗവും ബാലാജി പ്രതികള്‍ക്കായ് ഗുഢാലോചന നടത്തിയെന്ന് മറുവിഭാഗവും ആരോപിച്ചിരുന്നു.
പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ഇരുവരും വീഴ്ച വരുത്തിയെന്നും ഏരിയാ കമ്മിറ്റിയിലെ വിഭാഗിയത ആളിക്കത്തിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു രാധാകൃഷ്ണന്‍ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. മുന്‍ ഏരിയാ കമ്മിറ്റി അംഗം പി. ജയപ്രകാശിനെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. ചൊവ്വാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ നടപടി റിപ്പോര്‍ട്ട് ചെയ്യും.