ബാര്‍കോഴ കേസിലെ തെളിവുകള്‍ ആദായ നികുതി വകുപ്പിന് തിങ്കളാഴ്ച കൈമാറും

തിരുവനന്തപുരം: ബാര്‍കോഴ കേസിലെ തെളിവുകള്‍ ആദായ നികുതി വിഭാഗത്തിന് തിങ്കളാഴ്ച കൈമാറുമെന്ന് ബിജുരമേശ്. മന്ത്രി കെ.എം.മാണിക്ക് പണം കൈമാറിയത് സംബന്ധിച്ച രേഖകളാവും പ്രധാനമായും നല്‍കുകയെന്ന് ബിജു രമേശ് പറഞ്ഞു.

എറണാകുളത്തെ ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് ജോസ്, അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ ബുധനാഴ്ച ബിജു രമേശിന്റെ മൊഴിയെടുത്തിരുന്നു. ബാര്‍ ഇടപാടിന് പുറമേ തനിക്ക് അറിയാവുന്ന മറ്റു ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണങ്ങളെ വിശ്വാസമില്ലെന്നും കേന്ദ്ര ഏജന്‍സിയാണ് വിശ്വാസമെന്നും ബിജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി ബിജു കൂടിക്കാഴ്ച നടത്തിയിരുന്നു.

മാണിയെ കൂടാതെ മറ്റു മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്നും ഈ സാര്‍ക്കാരിന്റെ കാലാവധി തീരുന്നത് വരെ അന്വേഷണം നീട്ടാനാണ് ശ്രമമെന്നും ബിജു രമേശ് പറഞ്ഞിരുന്നു.

Top