തിരുവനന്തപുരം: ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശ് അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കും. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പിന്‍തുണയോടെയാണ് ബിജു ഹൈക്കോടതിയെ സമീപിക്കുന്നത്. ഇക്കാര്യത്തില്‍ വി.എസിന്റെ അഭിഭാഷക സംഘം ബിജു രമേശിന് ആവശ്യമായ സഹായം നല്‍കും.
നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ തനിക്ക് വിശ്വാസമില്ലെന്ന് കഴിഞ്ഞ ദിവസം ബിജു രമേശ് ആവര്‍ത്തിച്ചിരുന്നു. വിജിലന്‍സ് അന്വേഷണ സംഘത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. വിജിലന്‍സ് രേഖകള്‍ ധനമന്ത്രി കെ.എം മാണി ചോര്‍ത്തി നല്‍കുന്നുവെന്നുവരെ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുകയാണെങ്കില്‍ ലോക്കറില്‍ സൂക്ഷിച്ചവ ഉള്‍പ്പെടെ എല്ലാ തെളിവുകളും കൈമാറുമെന്നും ബിജു രമേശ് പറഞ്ഞിരുന്നു.
നേരത്തെയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ബിജു രമേശ് ഒരുങ്ങിയിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന് കാട്ടി ഹര്‍ജി ഹൈക്കോടതി തള്ളാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. അതേസമയം വിജിലന്‍സ് അന്വേഷണം എവിടെയും എത്താത്ത സാഹചര്യത്തില്‍ ഇനി ഹര്‍ജി നല്‍കിയാല്‍ കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിച്ച ബിജു രമേശ് സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കേസില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ എല്ലാ സഹായവും ചെയ്യാമെന്നും വി.എസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.